കൊച്ചി: രണ്ടാമത് പ്രൊഫഷണൽ സ്റ്റുഡന്‍റ്‌സ് സമ്മിറ്റിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സർവതല സ്‌പർശിയായ വികസനത്തിലൂടെ നവകേരളം സൃഷ്‌ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കുസാറ്റില്‍ നടന്ന ഉദ്‌ഘാടനചടങ്ങിനിടെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ അഭ്യസ്ഥവിദ്യരായ പുതുതലമുറക്ക് ജോലി തേടി പുറത്തുപോകേണ്ടി വരില്ല. ഇവിടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടാകും. അതിന് സഹായിക്കുന്ന സ്ഥാപനങ്ങളാണ് ഇപ്പോൾ കേരളത്തിലേക്ക് വരാൻ പോകുന്നത്. ആഗോള ഭീമന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല കമ്പനികളും കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാനവും സന്തോഷവുമുള്ള സംസ്ഥാനമാണ് കേരളം. സാക്ഷരതയിൽ മാത്രമല്ല, ഉന്നതവിദ്യാഭ്യാസമേഖലയിലും മുൻപന്തിയിലാണ് നമ്മൾ. ഈ അനുകൂല സാഹചര്യങ്ങളാണ് കേരളത്തിൽ നിക്ഷേപം നടത്താൻ ആഗോള കമ്പനികളെ പ്രേരിപ്പിക്കുന്നത്. കേരളത്തിന്‍റെ കാർഷിക മേഖലയുടെ അഭിവൃദ്ധിക്കും പ്രൊഫഷണലുകൾ ശ്രമിക്കണം. ഒരു കോടി വൃക്ഷത്തൈകൾ സംസ്ഥാനത്ത് ഈ വർഷം നട്ടുവളര്‍ത്തും. ഈ പദ്ധതിയുടെ ഭാഗമായി യുവാക്കൾ കൂടെ നിൽക്കണം. ഐടി, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലെ പ്രൊഫഷണലുകൾക്കും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. കേരളം പൂർണമായി ഡിജിറ്റൽ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്. ഇന്‍റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഈ സൗകര്യം എല്ലാ പ്രായക്കാർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. അതിനാവശ്യമായ പരിശീലനം നൽകുന്നതിനും പങ്കുവഹിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ചടങ്ങിൽ അധ്യക്ഷനായി. കേരളത്തിലെ വിവിധ സർവകലാശാലകളുടെ കീഴിൽ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന 2000ത്തോളം വിദ്യാർഥികളാണ് പ്രൊഫഷണൽ സ്റ്റുഡന്‍റ്‌സ് സമ്മിറ്റിൽ പങ്കെടുക്കുന്നത്.