എറണാകുളം: പോത്താനിക്കാട്ട് വീടിന്‍റെ ടെറസില്‍ വെടിയേറ്റ നിലയിൽ കണ്ടെത്തിയ പ്രസാദിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. കാട്ടുചിറയിൽ സജീവന്റെ വീടിന്റെ ടെറസിലാണ് കഴിഞ്ഞദിവസം പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥനായ സജീവന്‍ തന്‍റെ എയർഗൺ ഉപയോഗിച്ച് പ്രസാദിനെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നു. സജീവന്‍റെ കോഴിഫാമിലെ സഹായിയായിരുന്നു പ്രസാദ്.
കഴിഞ്ഞ വെള്ളയാഴ്‌ച വൈകിട്ട് ഒരുമിച്ച് മദ്യപിച്ചതിന് ശേഷം പിരിഞ്ഞുപോയ പ്രസാദ് രാത്രി വീണ്ടും തന്‍റെ വീട്ടിൽ വന്ന് മദ്യം ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി മദ്യലഹരിയിലായിരുന്ന പ്രസാദിനെ തോക്കിന്റെ പാത്തി കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലക്കും മുഖത്തും താടിക്കും ഗുരുതരമായി പരിക്കേറ്റ പ്രസാദിന്റെ മൂന്ന് വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് സമീപം സജീവൻ ഉപയോഗിച്ചിരുന്ന എയർഗൺ തകർന്ന നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. മരിച്ച പ്രസാദിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.