എറണാകുളം: പോപ്പുലർ ഫ്രണ്ടിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്‍റ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി കൊച്ചിയിലും റെയ്‌ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാക്കളിൽ ഒരാളായ അബ്ദുൾ റഹ്മാൻ്റെ കളമശേരിയിലെ വീട്ടിലും ഇടപ്പള്ളി ചങ്ങമ്പുഴ നഗറിലുള്ള പോപ്പുലർ ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്‍റ് പി എം അബ്ദുൽ ഗഫൂറിന്‍റെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
റെയ്‌ഡ് നടത്തുന്നുവെന്ന വിവരമറിഞ്ഞ് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റെയ്‌ഡ് നടത്തിയ വീടുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു. പ്രാദേശിക പൊലിസിനെ അറിയിക്കാതെ സായുധരായ കേന്ദ്ര സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചായിരുന്നു പരിശോധന. റെയ്‌ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ എൻഫോഴ്സ്മെന്‍റ് പുറത്ത് വിട്ടിട്ടില്ല.