എറണാകുളം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് യുവാവിന് പൊലീസ് ക്ലിയറൻസ് നിഷേധിച്ചതായി പരാതി. ആലുവ പൊലീസിനെതിരെയാണ് കടൂപ്പാടം സ്വദേശി പരാതി ഉന്നയിച്ചത്. കടൂപ്പാടം സ്വദേശി അനസിനാണ് ജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് നിഷേധിച്ചത്. സ്വാഭാവിക നടപടികളുടെ ഭാഗമായാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
കൊച്ചിൻ ഷിപ്‌യാർഡിലെ ജോലിക്കായാണ് അനസ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ക്ലിയറൻസിനുള്ള അപേക്ഷ നൽകിയത്. മറ്റ് കേസുകളില്ലാത്ത അനസിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിനാല്‍ കൂടുതൽ അന്വേഷങ്ങൾക്ക് ശേഷമേ ക്ലിയറൻസ് നല്‍കാൻ സാധിക്കൂവെന്നാണ് എസ്ഐ നൽകിയ വിശദീകരണമെന്ന് അനസ് പറയുന്നു. തുടർന്ന് ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടുകയും പൊലീസിന്‍റെ നടപടി വിവാദമാവുകയും ചെയ്തു. അതേസമയം സംഭവം അന്വേഷിക്കുമെന്നും അടുത്ത ദിവസം തന്നെ സർട്ടിഫിക്കറ്റ് നൽകുമെന്നും ആലുവ റൂറൽ എസ്‌പി കെ.കാർത്തിക് അറിയിച്ചു.