എറണാകുളം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) മിന്നൽ ഹർത്താല്‍ ആക്രമണത്തിൽ നഷ്‌പരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആർടിസി, ക്ലെയിംസ് കമ്മിഷണറെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരമുള്ള അഞ്ച് കോടിയോളം നഷ്‌ടപരിഹാരം നൽകണമെന്ന് ആശ്യപ്പെട്ടാണ് കെഎസ്‌ആർടിസിയുടെ പ്രത്യേക അപേക്ഷ. നഷ്‌ടപരിഹാര തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയാണ് ക്ലെയിംസ് കമ്മിഷണറെ നിയോഗിച്ചത്.
2022 സെപ്റ്റംബർ 23നായിരുന്നു നിരോധിത സംഘടനയായ പിഎഫ്‌ഐ മിന്നൽ ഹർത്താല്‍ നടത്തിയത്. ഈ ദിനത്തിലാണ് കെഎസ്‌ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായത്. തുടർന്ന്, കെഎസ്‌ആർടിസി നഷ്‌ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. കെഎസ്‌ആർടിസിയുടെ 58 ബസുകളാണ് ഹർത്താല്‍ അനുകൂലികളായ പിഎഫ്‌ഐ പ്രവർത്തകർ തകര്‍ത്തത്.
കൂടാതെ ട്രിപ്പുകൾ മുടങ്ങിയ വകയിലും വലിയ നഷ്‌ടമുണ്ടായി. നഷ്‌ടപരിഹാര തുക ആവശ്യപ്പെട്ട് ദീപു തങ്കൻ മുഖേന നൽകിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ കെഎസ്‌ആർടിസി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി ഉത്തരവുപ്രകാരം പിഎഫ്‌ഐ നേതാക്കളുടെ സ്വത്ത് വകകൾ നേരത്തേ കണ്ടുകെട്ടിയിരുന്നു. അഡ്വ. പിഡി ശാർങ്‌ധരനെയായിരുന്നു നഷ്‌ടപരിഹാരം വിതരണം ചെയ്യാനടക്കം കോടതി നിയോഗിച്ചത്. അതേസമയം, ഹർത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട് പിഎഫ്‌ഐ നേതാക്കളുടെ സ്വത്ത് വകകൾ കണ്ട് കെട്ടിയിട്ടുണ്ടെങ്കിലും തുടർനടപടികൾ ഇഴയുകയാണ്.