എറണാകുളം: പെരിയ ഇരട്ട കൊലക്കേസിൽ സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെവി. കുഞ്ഞിരാമൻ കോടതിയിൽ ഹാജരായില്ല. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികളിലേക്ക് കടക്കുന്നതിന്‍റെ മുന്നോടിയായാണ് മുഴുവൻ പ്രതികളോടും ഹാജാരാകാൻ എറണാകുളം സിജെഎം കോടതി നിർദേശിച്ചത്.
എന്നാൽ നോട്ടീസ് ലഭിക്കാൻ വൈകിയതിനാൽ മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്ന് കുഞ്ഞിരാമന്‍റെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. ഇത് പരിഗണിച്ച കോടതി ഇന്ന് ഹാജരാകാത്തവരോട് ഈ മാസം 22ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു.
മുൻ എംഎൽഎ കെവി.കുഞ്ഞിരാമന് പുറമെ സിപിഎം നേതാക്കളായ കെ.വി.ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരും കോടതിയിൽ ഹാജരായിരുന്നില്ല.
രാഘവൻ വെളുത്തോളി, ഇപ്പോൾ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്‌ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവർ കോടതിയിൽ ഹാജരായി.
also read: Group Captain Varun Singh: ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിങ് അന്തരിച്ചു
ഇവരിൽ നിലവിൽ ജാമ്യത്തിലുള്ളവരുടെ ജാമ്യ കാലാവധി നീട്ടി നൽകി. നിലവിൽ റിമാന്‍റിൽ കഴിയുന്ന പ്രതികളെ ഓൺലൈൻ വഴി കോടതിയിൽ ഹാജറാക്കി. കല്യോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.രാജേഷ്, കല്യോട്ടെ സുരേന്ദ്രൻ, മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരുൾപ്പടെ 16 പേരുടെ റിമാൻഡ് കാലാവധി ഈ മാസം 29വരെ നീട്ടി.
അതേസമയം കാക്കനാട് ജയിൽ കഴിയുന്ന അഞ്ച് പേരും ജയിൽ മാറ്റം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. ഇത് കോടതി ഈ മാസം 29 ന് പരിഗണിക്കും. 2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.