എറണാകുളം : പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. പാചകക്കാരനായ ഹസൈനാരാണ് പൊലീസ് പിടിയിലായത്. അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹോട്ടലുടമയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഉടമയ്‌ക്കെതിരെ മനപ്പൂര്‍വമല്ലാത്ത വധശ്രമം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
സംഭവത്തെ തുടര്‍ന്ന് യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ ആരോഗ്യ വിഭാഗം സമ്പൂർണ പരാജയമാണെന്ന വിമർശനവുമായി ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തെത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭയിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്‌ച രാത്രി പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി, അൽഫാം വിഭവങ്ങൾ കഴിച്ച എഴുപത് പേരാണ് വയറുവേദന, ഛർദ്ദി, വയറിളക്കം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. ആദ്യ ഘട്ടത്തിൽ രണ്ടുപേരെ പറവൂർ താലൂക്ക് ആശുപത്രിയിലും, സാരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരാളെ എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറുപത്തിയേഴുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതേ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ചൊവ്വാഴ്‌ച ഹോട്ടൽ അടച്ചുപൂട്ടി.
ഭക്ഷ്യവിഷബാധയേറ്റ അറുപതോളം പേർ നിലവില്‍ പറവൂർ താലൂക്ക് ആശുപത്രി ഉൾപ്പടെയുള്ള ഇടങ്ങളില്‍ ചികിത്സയിൽ കഴിയുകയാണ്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. അതേസമയം ജില്ലയിൽ ഹോട്ടലുകളിൽ പരിശോധനകൾ ശക്തമായി തുടരുന്നതിനിടെ ഭക്ഷ്യ വിഷബാധയുണ്ടായത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.