എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസിൽ വിചാരണ കോടതി അനുവദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കുന്ന തിയതി നീട്ടി. വെള്ളിയാഴ്‌ചത്തേക്കാണ് ഹൈക്കോടതി കേസ് മാറ്റിവച്ചത്. ജസ്റ്റിസുമാരായ ഹരിപാൽ, ഹരിപ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജസ്റ്റിസ് എം.ആർ അനിത ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നതിൽ നിന്നും കഴിഞ്ഞ ദിവസം പിന്മാറി. ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ആയിരിക്കെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്ന ബെഞ്ചിനെ മാറ്റണമെന്ന ആവശ്യമുയർന്നത്.
പ്രതികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എൻഐഎയുടെ ആവശ്യം. പ്രതികൾക്കെതിരായ തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്‌ച സംഭവിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ് വഴക്കത്തിന് കാരണമാകും.ഇവർ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഐഎ ഹർജിയിൽ വ്യക്തമാക്കുന്നു. പത്തു മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ബുധനാഴ്‌ചയാണ് അലൻ ശുഹൈബിനും താഹാ ഫസലിനും എൻഐഎ കോടതി ജാമ്യം നൽകിയത്.