കൊച്ചി: ഗവര്‍ണറുടെ അനുമതി ലഭിച്ചതിന് പിന്നാലെ പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് തയ്യാറെടുക്കുന്നു. നോട്ടീസ് നൽകി വിളിച്ചുവരുത്തി അടുത്തയാഴ്‌ച ചോദ്യം ചെയ്തേക്കും. ഇബ്രാഹിംകുഞ്ഞിന്‍റെ അഴിമതി വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് നൽകുന്ന സൂചന.
കഴിഞ്ഞ ബുധനാഴ്‌ചയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാർ അനുമതി നല്‍കിയത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യാനാണ് വിജിലന്സിന്റെ തീരുമാനം. പാലാരിവട്ടം പാലം അഴിമതിയിലെ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.
ആര്‍ബിഡിസികെ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറുടെ നിയമനത്തിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഒഴിവിന് പരസ്യം നല്‍കാതെയും അഭിമുഖം നടത്തതെയുമാണ് നിയമനം നടത്തിയത്. ആര്‍ബിഡിസികെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെയും വിജിലൻസ് ഉടന്‍ ചോദ്യം ചെയ്യും. നേരത്തെ മുഹമ്മദ് ഹനീഷിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.