എറണാകുളം: എറണാകുളം മെഡിക്കൽ കോളജിൽ ഓക്‌സിജൻ ജനറേറ്റർ പിഎസ്‌എ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച നാല് പ്ലാന്‍റുകളിൽ ആദ്യത്തേതാണ് മെഡിക്കൽ കോളജിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചത്. ചൊവ്വാഴ്‌ച നടത്തിയ ട്രയൽ റൺ വിജയമായതിനെ തുടർന്നാണ് പ്ലാന്‍റ് പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്‍റ് മിനിട്ടിൽ 600 ലിറ്റർ ഓക്‌സിജൻ ആണ് ഉത്‌പാദിപ്പിക്കുക. ഒന്നരക്കോടിയോളം രൂപയാണ് നിർമാണ ചെലവ്.
Also Read: സംസ്ഥാനത്ത് 42,464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 63 മരണം
നിലവിൽ മെഡിക്കൽ കോളജിലെ കൊവിഡ് ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ളവ ഉൾപ്പെടെ എട്ടു വാർഡുകളിലേക്കാണ് പുതിയ പ്ലാന്‍റിൽ നിന്ന് ഓക്‌സിജൻ നൽകുന്നത്. ഓപ്പറേഷൻ തിയേറ്റർ, കൊവിഡ് ഐസിയു എന്നിവടങ്ങളിൽ കൂടുതൽ ശുദ്ധമായ ഓക്‌സിജൻ ആവശ്യമാണെന്നതിനാൽ ലിക്വിഡ് ഓക്‌സിജൻ പ്ലാന്‍റുകളിൽ നിന്ന് ലഭിക്കുന്ന ഓക്‌സിജനാകും തുടർന്നും വിതരണം ചെയ്യുക. തിരുവനന്തപുരം, തൃശ്ശൂർ ,കോട്ടയം മെഡിക്കൽ കോളജുകളിലാണ് മറ്റു പ്ലാന്‍റുകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്‍റുകളിൽ ഏറ്റവും ചെറുതാണ് എറണാകുളത്തേത്. തൃശൂരിലെ പ്ലാന്‍റിൽ മിനിറ്റിൽ 1500 ലിറ്ററും കോട്ടയത്തും തിരുവനന്തപുരത്തും 2000 ലിറ്ററുമാണ് ഉത്‌പാദനശേഷി.