എറണാകുളം : സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണത്തിൽ ദേശീയ ഫെഡറേഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയെങ്കിൽ കേരളത്തിൽ നിന്നുളളവർക്ക് എന്തുകൊണ്ട് സൗകര്യമൊരുക്കിയില്ലെന്ന് കോടതി ചോദിച്ചു. ഭക്ഷണവും വെള്ളവും ഒരുക്കിയിരുന്നെന്ന് ദേശീയ ഫെഡറേഷൻ സെക്രട്ടറി കോടതിയിൽ അറിയിച്ചു.
താമസസൗകര്യം ഒരുക്കിയിരുന്നെങ്കിലും നിദ ഫാത്തിമയുൾപ്പെട്ട സംഘം അത് നിരസിച്ചതായും സെക്രട്ടറി വ്യക്തമാക്കി. തുടർന്ന് ഈ മാസം 16നകം വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ദേശീയ ഫെഡറേഷൻ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. വിഷയം ഈ മാസം 23ന് കോടതി വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് വിജി അരുണാണ് ഹർജി പരിഗണിച്ചത്.
നിദ ഫാത്തിമയുടെ മരണം മനപ്പൂര്‍വം ഉണ്ടാക്കിയ നരഹത്യയെന്നാണ് സൈക്കിൾ പോളോ അസോസിയേഷന്‍റെ ഹർജിയിലെ വാദം. ഓൾ ഇന്ത്യ സൈക്കിൾ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയും ആണ് ഉത്തരവാദികളെന്നും ഹർജിയിൽ പറയുന്നു. അഖിലേന്ത്യാ ഫെഡറേഷൻ ആവശ്യപ്പെട്ടതനുസരിച്ച് ഭക്ഷണസൗകര്യങ്ങൾക്കും മറ്റുമായി അരലക്ഷം രൂപ നേരത്തെ നൽകിയിരുന്നു. എന്നാൽ കേരളത്തിലെ സമാന്തര സംഘടനയ്ക്കാണ് അഖിലേന്ത്യാ ഫെഡറേഷൻ പരിഗണന നൽകിയതെന്നും ഹർജിക്കാർ വാദമുന്നയിച്ചിരുന്നു. 2022 ഡിസംബർ 22 നാണ് നാഗ്‌പൂരിൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ ആലപ്പുഴ സ്വദേശിനി നിദ ഫാത്തിമ മരിച്ചത്.