എറണാകുളം: നെടുമ്പാശ്ശേരി കരിയാട് ബേക്കറി ഉടമയെ മർദിച്ച ഗ്രേഡ് എസ്ഐക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് എസ്‌പി വിവേക് കുമാർ (SP Vivek Kumar). ഇന്നലെ രാത്രി കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾബാർ എന്ന സ്ഥാപനത്തിൽ മദ്യപിച്ചെത്തി അതിക്രമം നടത്തിയ കേസിൽ ഗ്രേഡ് എസ്ഐ സുനിലിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു (Nedumbassery SI Suspended). ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി എസ്‌പി രംഗത്തെത്തിയത്.
പൊലീസുകാരൻ മദ്യപിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിച്ചിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. എസ്‌ഐയോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവർക്ക് ഈ സംഭവത്തിൽ പങ്കില്ല. എന്നാൽ, കൺട്രോൾ റൂം വാഹനത്തിൽ എസ്ഐ മദ്യപിച്ച് എത്തിയ വേളയിൽ ചെയ്യേണ്ട ഉത്തരവാദിത്വത്തിൽ ഡ്രൈവർ വീഴ്‌ച വരുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ആലുവ റൂറൽ എസ്‌പി പറഞ്ഞു.
സംഭവം ഇങ്ങനെ: ഇന്നലെ രാത്രി കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾബാർ എന്ന സ്ഥാപനത്തിൽ എസ്‌ഐ മദ്യപിച്ചെത്തുകയും അകാരണമായി കടയുടമയെയും ഭാര്യയെയും ജീവനക്കാരെയും മർദിച്ചു എന്നാണ് പരാതി. സംഭവത്തിൽ കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്ക് പരിക്കേറ്റിരുന്നു. ബേക്കറി പൂട്ടി മടങ്ങാനിരിക്കെയാണ് എസ്‌ഐ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
എസ്ഐ സുനിലാണ് ആക്രമണം നടത്തിയതെന്നും സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നു എന്നും കടയുടമ കുഞ്ഞുമോന്‍ ആരോപിച്ചു. തന്‍റെ ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് പൊലീസുകാരൻ മർദിച്ചത്. എസ്‌ഐയുടെ പ്രവർത്തി തനിക്കും മകൾക്കും വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയതെന്നും കുഞ്ഞുമോൻ പറഞ്ഞു.
രാത്രി കട അടയ്‌ക്കാൻ ഒരുങ്ങുമ്പോൾ കൺട്രോൾ റൂം വാഹനത്തിൽ എത്തിയ എസ്ഐ സുനിൽ വീട്ടിൽ പോടാ എന്ന് ആക്രോശിച്ച് ചൂരൽ വടി കൊണ്ട് അവിടെ ഉണ്ടായിരുന്നവരെ പൊതിരെ തല്ലി. ഈ സമയം പൊലീസ് വാഹനത്തിൽ ഡ്രൈവറും ഉണ്ടായിരുന്നു. തനിക്കും ഭാര്യ എൽബിക്കും സഹായി ബൈജുവിനും വ്യാപാരിയായ ജോണിക്കും പരിക്കേറ്റു. തങ്ങളുടെ ശരീരത്തിൽ ചൂരൽ കൊണ്ട് മർദനം ഏറ്റതിന്‍റെ പാടുകളുണ്ട് എന്നും കുഞ്ഞുമോൻ പറഞ്ഞു.
നാട്ടുകാർ ചേർന്ന് എസ്ഐ സുനിലിനെ തടഞ്ഞ് വക്കുകയും പിന്നാലെ നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി എസ്ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തുകയും ചെയ്‌തു. എസ്‌ഐ മദ്യപിച്ചതായി പരിശോധനയിൽ കണ്ടെത്തി. കത്തിക്കുത്ത് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് താൻ സ്ഥലത്ത് എത്തിയത്. തുടർന്ന് കടയുടമയോട് വീട്ടിൽ പോകാൻ പറയുക മാത്രമാണ് ചെയ്‌തതെന്നാണ് എസ്ഐ സുനിൽ മൊഴി നൽകിയത്.