കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ എറണാകുളം ജില്ലയിൽ പൊതുവേ സമാധാനപരമായിരുന്നു. പ്രവർത്തകർ കടകമ്പോളങ്ങൾ അടപ്പിക്കാൻ ശ്രമിച്ചത് ചെറിയതോതിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കി. രാവിലെ കൊച്ചി മെട്രോയുടെ വൈറ്റില ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസ് തടഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് കെ അജയകുമാറിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനം തടഞ്ഞത്. വാഹനങ്ങൾ തടഞ്ഞതിനും സൗത്ത് ഇന്ത്യൻ ബാങ്ക് അടപ്പിക്കാൻ ശ്രമിച്ചതിനും 27 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പെരുമ്പാവൂരിൽ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി. മെട്രോ സർവീസ് സാധാരണ നിലയിൽ പ്രവർത്തിച്ചു. അതേസമയം യൂത്ത് കോൺഗ്രസിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ കൈമാറാനും, മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. ഡീൻ കുര്യാക്കോസ് ഉൾപ്പെടെ മൂന്ന് നേതാക്കൾക്കും കോടതി അലക്ഷ്യ നോട്ടീസ് നൽകി. ഹർത്താലിൽ പൊതു ഗതാഗത സംവിധാനങ്ങൾക്ക് സർക്കാർ സുരക്ഷ ഉറപ്പു നൽകണമെന്നും നിയമവിരുദ്ധ ഹർത്താൽ ആഹ്വാനങ്ങൾക്ക് മാധ്യമങ്ങൾ പ്രചാരം നൽകരുതെന്നും കോടതി പറഞ്ഞു.