എറണാകുളം: ഹരിത ബൂത്ത് ഒരുക്കി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ. അയ്യങ്കാവ് ഗവ. ഹൈസ്‌കൂളിലെ 14, 15 ബൂത്തുകളാണ് ഹരിത ബൂത്തുകളായി മാറ്റിയത്. കുരുത്തോല തോരണമൊരുക്കി, ചേമ്പിലയിലും വാഴയിലയിലും നിർദേശങ്ങളും സന്ദേശങ്ങളുമെഴുതി തുണി ബാനർ ഉപയോഗിച്ചുമാണ് തെരഞ്ഞെടുപ്പ് ജോലിക്കിടയിലും ബൂത്ത് ഒരുക്കിയിരിക്കുന്നത്.
ഹരിത മിഷൻ്റെ ഭാഗമായി വളൻ്റിയർമാർക്ക് ശക്തമായ പിന്തുണ കിട്ടാത്ത നഗരസഭയിലെ രണ്ട് ബൂത്തുകളാണിത്. ജൈവ - അജൈവ മാലിന്യ സംസ്‌കരണത്തിന് പുതിയ അവബോധം നൽകാൻ നല്ലൊരു മാതൃകയായി ഈ ബൂത്തുകൾ മാറുമെന്ന് പ്രത്യാശിക്കുന്നതായി ഹെൽത്ത് സൂപ്പർ വൈസർ വിജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ജഗനാഥ് എന്നിവർ പറഞ്ഞു.