എറണാകുളം: ശബരിമല വിഷയത്തിൽ നിയമനിർമ്മാണത്തിന്‍റെ കരട് തയ്യാറാക്കിയതിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമില്ലന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവഞ്ചൂർ അടക്കമുള്ള നേതാക്കളെയാണ് കരട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരുന്നതെന്നും കരട് കെ പി സി സി അംഗീകരിക്കുന്നുവെന്നും മുല്ലപ്പളളി പറഞ്ഞു. ബില്ല് തയ്യാറാക്കിയാൽ പൂർണരൂപം മാധ്യങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും. ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട് വിശ്വാസികൾ അംഗീകരിച്ചതാണ് . യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നിയമ നിർമ്മാണം നടത്തുമെന്നുളള കാര്യവും മുല്ലപ്പളളി ആവർത്തിച്ചു .നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ സംഘടനാപരമായ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമോ എന്നതിൽ സിപിഎം നിലപാട് പറയണം. ശബരിമലയിൽ സർക്കാർ നയം പറയേണ്ടത് മുഖ്യമന്ത്രിയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നിയമ നിർമ്മാണം നടത്താൻ കഴിയില്ലന്ന സി.പി.എം. സെക്രട്ടറിയുടെ പ്രസ്‌താവന തെറ്റാണെന്ന് മുല്ലപ്പളളി പറഞ്ഞു. സമവായത്തിലൂടെ സഭാതർക്കം പരിഹരിക്കണം എന്നതാണ് കോൺഗ്രസിന്‍റെയും നിലപാടെന്നും മുല്ലപ്പളളി എറണാകുളത്ത് പറഞ്ഞു.
പുനഃസംഘടനയിൽ വീഴ്ച വരുത്തിയ ഭാരവാഹികളെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തദ്ദേശ തെരഞ്ഞടുപ്പിനു ശേഷമുള്ള സംഘടനാ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. എഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാല്‍, ഡി സി സി പ്രസിഡന്‍റുമാർ, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.