എറണാകുളം : തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയെന്ന് വ്യക്തമാകുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കോൺഗ്രസ് കൗൺസിലർമാർ പണമടങ്ങിയ കവർ തിരികെ ഏൽപ്പിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് പുറത്തുവന്നത്.
നഗരസഭാധ്യക്ഷയുടെ മുറിയിലെത്തി കൗൺസിലർമാർ പണം വേണ്ടെന്ന് പറഞ്ഞ് തിരിച്ച് ഏൽപ്പിക്കുന്നതും അവർ അത് സ്വീകരിക്കുന്നതുമാണ് കൗൺസിലർമാർ തന്നെ പകർത്തിയതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
'ഇത്ര വലിയ തുക വേണ്ട'
ഇത്ര വലിയ തുക വേണ്ടന്ന് കൗൺസിലർമാർ ചെയർപേഴ്‌സണിനോട് പറയുന്നതും കൗൺസിലർമാർ പരസ്‌പരം ഈ വിഷയം ചർച്ച ചെയ്യുന്നതും ദൃശ്യത്തോടൊപ്പമുള്ള ശബ്‌ദരേഖയിൽ വ്യക്തമാണ്.
മുണ്ടും ഷർട്ടും വാങ്ങാനുള്ള പൈസയാണന്ന് കരുതിയാണ് സ്വീകരിച്ചത്. ഇത് വഴിവിട്ട നടപടിയാണ്. ഞങ്ങൾ നാല് പേരുടെ പൈസ തിരിച്ച് ഏൽപിക്കുകയാണെന്നും പറയുന്നുണ്ട്.
വീഴ്ച്ച പറ്റിയിട്ടില്ലെന്ന വാദത്തിൽ ചെയർപേഴ്‌സണും അവരെ അനുകൂലിക്കുന്ന കൗൺസിലർമാരും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് പണം നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ പണം നൽകിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന നഗരസഭാധ്യക്ഷയുടെ നില പരുങ്ങലിലാവുകയാണ്. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അജിത തങ്കപ്പനെതിരെ കേസെടുക്കാമെന്ന് കണ്ടെത്തിയിരുന്നു.
ചെയർപേഴ്‌സൺ മുങ്ങിയെന്ന് കൗൺസിലർമാർ
ഇതോടെ ഇവരുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരം കൂടുതൽ ശക്തിയാർജിക്കും. അന്വേഷണം ഭയന്ന് നഗരസഭയിൽ വരാതെ ചെയർപേഴ്‌സൺ മുങ്ങി നടക്കുകയാണെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നത്.
നഗരസഭ അധ്യക്ഷയുടെ മുറി തുറക്കാൻ അനുവദിക്കരുതെന്ന് വിജിലൻസ് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം സെക്രട്ടറി ക്യാബിൻ സീൽ ചെയ്തിരുന്നു.
READ MORE: തൃക്കാക്കര നഗരസഭ വിവാദം; വിജിലൻസ് പ്രാഥമിക റിപ്പോർട്ട് ഇന്ന്
ഓഗസ്റ്റ് 17ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി. ഇതോടൊപ്പം നൽകിയ കവറിൽ പതിനായിരം രൂപയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ കൗൺസിലർമാര്‍ വെളിപ്പെടുത്തുകയായിരുന്നു.