എറണാകുളം: ആലുവയിൽ നിയമ വിദ്യാർഥി മൊഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രത്തിൽ നിന്നും ആരോപണ വിധേയനായ സി ഐ സുധീറിനെ പൊലീസ് മനഃപൂർവം ഒഴിവാക്കിയെന്ന് പിതാവ് ദിൽഷാദ്. സി.ഐയുടെ മുറിയിലെ ക്യാമറ പരിശോധിച്ചാൽ തന്നെ സുധീറിന്‍റെ പങ്ക് വ്യക്തമാകും. മകളുടെ ആത്മഹത്യ കുറിപ്പിലും സി.ഐക്കെതിരെ കേസെടുക്കണമെന്നുണ്ടെന്നും ദില്‍ഷാദ് പറഞ്ഞു.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അദ്ദേഹം വിദേശത്ത് നിന്ന് തിരിച്ചെത്തിയാൽ നേരിൽ കാണും. സി.ഐ സുധീറിനെയും, ഒന്നാം പ്രതി സുഹൈലിന്‍റെ സഹോദരങ്ങളായ സൈദിനെയും അനസിനെയും ഒഴിവാക്കിയതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം മികച്ചതായിരുന്നു. തെളിവില്ലന്ന് പറഞ്ഞ് സി.ഐ. സുധീറിനെ ഒഴിവാക്കുകയായിരുന്നു. മൊഫിയയോട് മോശമായി സി.ഐ പെരുമാറിയത് മറ്റു പോലീസുകാർ കണ്ടിരുന്നു. അവർ സി.ഐക്കെതിരെ മൊഴി കൊടുക്കാൻ തയ്യാറാകില്ല.
കഴിഞ്ഞ ദിവസം വകുപ്പ് തല അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയിരുന്നു. എന്നാൽ നടപടി എത്രത്തോളം ഉണ്ടാകുമെന്നതില്‍ സംശയമുണ്ടെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു.
മോഫിയ പര്‍വിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബി. രാജീവാണ് കുറ്റപത്രം സമപ്പിച്ചത്. ഭര്‍ത്താവ് സുഹൈല്‍, അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം.
കേസില്‍ സുഹൈല്‍ ഒന്നാം പ്രതിയും സുഹൈലിന്‍റെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളാണ്. സുഹൈലിന്‍റെ ക്രൂരമര്‍ദനമാണ് മൊഫിയയുടെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഒന്നരമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി മോഫിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ:കലക്‌ടറുടെ ഉത്തരവിൽ 50; ജില്ല സമ്മേളനത്തിൽ 185 പേരെ പങ്കെടുപ്പിക്കുമെന്ന് സിപിഎം