എറണാകുളം : പുരാവസ്‌തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ഈ മാസം മുപ്പത് വരെയാണ് എ.സി.ജെ.എം കോടതി കസ്റ്റഡി അനുവദിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷന്‍റെ (ഡി.ആർ.ഡി.ഒ) പേരിൽ വ്യാജരേഖ ഉണ്ടാക്കിയെന്ന കേസിലാണ് നടപടി.
കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ എ.സി.ജെ.എം കോടതി വിശദമായ വാദം കേട്ടിരുന്നു. ഇറിഡിയം കൈവശം വയ്ക്കാൻ അനുമതിയുണ്ടെന്ന് തെളിയിക്കുന്നതിന് മോൻസൺ വ്യാജരേഖ നിർമിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഡി.ആർ.ഡി.ഒയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും ഇതിനുവേണ്ടി നിർമിച്ചിരുന്നു.
Also Read: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി ; ആര്യൻ ഖാന് ജാമ്യം
സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡി.ആർ.ഡി.ഒയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. അതേസമയം മോൻസണില്‍ നിന്ന് കണ്ടെത്തിയ ഇറിഡിയം വ്യാജമാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മോൻസണില്‍ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിക്കും.
തന്‍റെ പക്കൽ ഇറിഡിയം ഉണ്ടെന്നും വിറ്റാൽ വന്‍തുക കിട്ടുമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ കോടികൾ തട്ടിയതെന്ന് പരാതിക്കാരിൽ ചിലർ മൊഴി നൽകിയിരുന്നു. ഇറിഡിയം അടങ്ങിയതെന്ന് പരിചയപ്പെടുത്തി ഒരു പെട്ടി കാണിച്ചിരുന്നുവെന്നും ഇത് വിറ്റാൽ കോടികൾ ലഭിക്കുമെന്ന് മോൻസൺ പറഞ്ഞതായും ശ്രീവത്സം ഗ്രൂപ്പും ആരോപിച്ചിട്ടുണ്ട്.