എറണാകുളം: കൊച്ചി ഗാന്ധിനഗർ ശ്രീ ബാലാജി കോഫി ഹൗസിലെ ക്യാഷ് കൗണ്ടറിലെ ഗ്ലോബ് ഇപ്പോൾ നിശ്ചലമാണ്. കടവന്ത്ര സ്വദേശിയായിരുന്ന കടയുടമ വിജയന്‍ 2021 നവംബറില്‍ 70ാം വയസില്‍ വിടപറഞ്ഞതോടെയാണ് ഗ്ലോബിന്‍റെ ചലനം നിലച്ചത്. ചായക്കടയിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്വരുക്കൂട്ടി അടുത്ത യാത്രയ്‌ക്കുള്ള തയ്യാറെടുപ്പിനായിരുന്നു അദ്ദേഹം ഇടയ്‌ക്കിടെ ഭൂമിയുടെ മാതൃക കറക്കിയിരുന്നത്.
15 വർഷത്തിനിടെ ഭാര്യ മോഹനയെയും കൂട്ടി 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജപ്പാന്‍ യാത്രയ്‌ക്ക് ഒരുങ്ങവെയാണ് മടക്കയാത്രയില്ലാതെ വിടചൊല്ലിയത്. പ്രിയതമന്‍ തന്‍റെ ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലമാക്കാന്‍ ഒരുങ്ങുകയാണ് ഭാര്യ മോഹന. ഇതിനായി തിയതിയും കുറിച്ചു. 2023 മാർച്ച് 21 മുതൽ 10 ദിവസം മക്കളോടൊപ്പമാണ് ജപ്പാന്‍ സഞ്ചാരം.
2007ല്‍ ഇസ്രയേല്‍, ഈജിപ്‌റ്റ് എന്നിവടങ്ങളിലേക്ക് സഞ്ചരിച്ചായിരുന്നു ദമ്പതികള്‍ ഉലകം ചുറ്റലിന് തുടക്കമിട്ടത്. 2021 ഒക്‌ടോബറില്‍ റഷ്യയിലേക്കുള്ള സഞ്ചാരമായിരുന്നു ഇരുവരും ഒരുമിച്ചുള്ള അവസാന യാത്ര. വിജയന്‍റെ വിയോഗം കനത്ത ആഘാതമാണ് മോഹനയ്‌ക്ക് വരുത്തിയതെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ തിരിച്ചുപിടിക്കാന്‍ കൂടിയാണ് പുത്തന്‍ യാത്രകള്‍ക്ക് തുടക്കമിടുന്നത്.
ഇരുവരും സഞ്ചരിച്ച 26 രാജ്യങ്ങളിലെ മഹാനഗരങ്ങളുടെ സമയം കാണിക്കുന്ന ക്ലോക്കുകള്‍ ചായക്കടയുടെ ചുമരില്‍ കാണാം. ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, ദുബായ് തുടങ്ങിയവയാണ് ആ നഗരങ്ങള്‍. യാത്രകളുടെ ഓര്‍മയ്‌ക്കായി പകര്‍ത്തിയ ചിത്രങ്ങള്‍, വാങ്ങിക്കൂട്ടിയ വസ്‌തുക്കള്‍ എല്ലാം ഈ ചായക്കടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുറമെ വിജയനും മോഹനയും നേടിയ അംഗീകാരങ്ങളും കാണാം.
കൊച്ചി നഗരത്തിൽ ആറ് രൂപയ്ക്ക് ചായക്കടികൾ ലഭിക്കുന്ന ബാലാജി കോഫി ഹൗസിലെ സ്വാദറിഞ്ഞ് എത്തുന്നവര്‍ അനേകമാണ്. സാധാരണ പോലെ ഇത്തവണയും 10 ദിവസം കടയടച്ചാണ് മോഹന മക്കള്‍ക്കൊപ്പം യാത്ര പോവുക. ഇച്ഛാശക്തിയുണ്ടങ്കിൽ ആർക്കും നല്ല ലോക സഞ്ചാരികളാകാം എന്നാണ് ഈ 70കാരിയുടെ അഭിപ്രായം.