എറണാകുളം: സംസ്ഥാനത്തെ മെഡിക്കൽ - എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് ഹയർസെക്കൻഡറി പരീക്ഷയുടെ മാർക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്മെന്‍റും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് അഞ്ചിനാണ് മെഡിക്കൽ എൻജിനീയറിങ് പരീക്ഷ നടത്താൻ നിശ്ചയിച്ചത്. എൻട്രൻസ് പരീക്ഷ നടത്തുന്നതിന് തടസമില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ളസ് ടു പരീക്ഷ നടത്തിയിരുന്നില്ല. അതിനാൽ പ്ളസ് ടുവിന്‍റെ മാർക് പരിഗണിക്കാതെ കേരളത്തിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം നടത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
കേരള സിലബസിൽ ഹയർ സെക്കന്‍ഡറി പരീക്ഷ കുട്ടികളുടെ നിലവാരം ശരിയായി വിലയിരുത്തുന്ന വിധത്തിലല്ല നടത്തിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. കൊല്ലം സ്വദേശി സാൽവിയ ഹുസൈൻ, ഏനാത്ത് കൈതപ്പറമ്പ് സ്വദശി സിബി വിൽസൺ എന്നീ വിദ്യാർഥികളും കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്മെന്‍റും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.
ALSO READ: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്