കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് നഗരസഭ കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സമീപവാസികൾ. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയതിന് ശേഷം മാത്രം ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികൾ സ്വീകരിച്ചാൽ മതിയെന്ന ഉറച്ച നിലപാടിലാണിവർ.
ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പുകളും സമീപവാസികൾക്ക് ലഭിച്ചിട്ടില്ലെന്നും. ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ തങ്ങൾ മാറി താമസിക്കണമെന്ന് പോലും വാർത്താ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇത് സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നഗരസഭ നൽകിയിട്ടില്ലെന്നും സുബീഷ് ലാൽ പറയുന്നു.
ഫ്ലാറ്റ് ഉടമകളുടെ ഭാഗം മാത്രമാണ് സർക്കാർ കേട്ടിരിക്കുന്നത്. പരിസരവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകണമെന്നും ചൂണ്ടിക്കാട്ടി നെട്ടൂർ മൈത്രി റസിഡൻസ് വെൽഫെയർ അസോസിയേഷൻ നാളെ സമീപവാസികളെ ഉൾപ്പെടുത്തി ജനകീയ കൺവെൻഷൻ നടത്തുമെന്നും റസിഡൻസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കെ ബി സുബീഷ് ലാൽ പറഞ്ഞു.