എറണാകുളം: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുടെ അറിവോടെയാണ് ദാരുണമായ കൊലപാതകം നടത്തിയത്. പേര് ചോദിച്ച ശേഷം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തി. കൊലപാതകികളെ പിടികൂടുന്നതില്‍ നിസ്സംഗമായ നിലപാടാണ് പൊലീസിന്‍റേത്. കൊല നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കണ്ണൂരിലെ സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് കക്ഷികള്‍ ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ ആക്രമണത്തിനിരയായവരും നാട്ടുകാരും ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രതികള്‍ ബസ് മാര്‍ഗം ബെംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതായ വിവരം നാട്ടുകാര്‍ കൈമാറിയിട്ടും പൊലീസ് പരിശോധനക്ക് തയാറായില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതകത്തിന് മുമ്പുള്ള ഡിവൈഎഫ്‌ഐ നേതാവിന്‍റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസും, കൊലപാതകത്തിന് ശേഷമുള്ള പി.ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റും ശക്തമായ ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പിഎംഎ സലാം പറഞ്ഞു.