എറണാകുളം: 'കമ്മട്ടിപ്പാട'ത്തിലെ ബാലന്‍റെ കഥാപാത്രം പിൽക്കാലങ്ങളിൽ ബാധ്യതയാകുന്നുവെന്ന് മണികണ്‌ഠന്‍ ആചാരി (Manikandan Achari). സിനിമയിൽ ഇപ്പോഴും ജാതി രാഷ്ട്രീയ വിവേചനം ഉണ്ടെന്നും നടന്‍ പറഞ്ഞു (Manikandan Achari on caste discrimination). ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് മണികണ്‌ഠന്‍ ആചാരിയുടെ ഈ തുറന്നു പറച്ചില്‍.
'കമ്മട്ടിപ്പാടം' എന്ന രാജീവ് രവി സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലൂടെ സുപരിചിതനായ നടനാണ് മണികണ്‌ഠന്‍ ആചാരി. 'കമ്മട്ടിപ്പാട'ത്തിന് ശേഷം രജനികാന്തിന്‍റെ 'പേട്ട'യിൽ അടക്കം, നിരവധി മലയാള സിനിമകളിലൂടെ മണികണ്‌ഠന്‍റെ കഥാപാത്രങ്ങളെ പ്രേക്ഷകർ നിരന്തരം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. 'കമ്മട്ടിപ്പാട'ത്തിലെ നായകൻ ദുൽഖർ സൽമാൻ ആണെങ്കിലും, മണികണ്‌ഠന്‍ ആചാരി അവതരിപ്പിച്ച കഥാപാത്രവും, വിനായകന്‍റെ കഥാപാത്രവും സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതുകൊണ്ട് തന്നെ പ്രേക്ഷകർ പൊതുവെ മണികണ്‌ഠന്‍ ആചാരിയെ സ്‌നേഹപൂര്‍വം ബാലൻ ചേട്ടാ എന്ന് വിളിക്കാറുണ്ട്. സൂര്യ, വിജയ്, അജിത്, വിക്രം എന്നിവര്‍ അടക്കമുള്ള താരങ്ങളെ അവർ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ പേരില്‍ വിളിക്കുന്നത് തമിഴ് സിനിമയിൽ ഒക്കെ സാധാരണമായ കാര്യം ആണെന്നിരിക്കെ, മലയാളത്തിലെ അത്തരം അഭിസംബോധനകൾ അപകടകരമാണെന്നാണ് മണികണ്‌ഠന്‍ ആചാരിയുടെ തുറന്നു പറച്ചിൽ.
'പ്രേക്ഷകർ ബാലൻ ചേട്ടാ എന്ന് സ്നേഹത്തോടു കൂടി വിളിക്കുമ്പോൾ തനിക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും തോന്നാറില്ല. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ജനങ്ങൾ അത്രത്തോളം ഓർത്തിരിക്കുന്നതിലും സ്നേഹിക്കുന്നതിലും ഞാൻ സന്തോഷവാനാണ്. പക്ഷേ മലയാള സിനിമയിലെ പല പ്രമുഖരും തന്നെ ബാലൻ ചേട്ടൻ ആയി മാത്രം കണക്കാക്കി തുടങ്ങിയാൽ പിന്നെ മറ്റു കഥാപാത്രങ്ങളിലേക്ക് താനെന്ന നടനെ വളർത്തിക്കൊണ്ട് വരാന്‍ ബുദ്ധിമുട്ടാകും.
പ്രായോഗികമായി കഥാപാത്രങ്ങളെ അനുസ്‌മരിപ്പിച്ചുള്ള ഇത്തരം അഭിസംബോധനകൾ തന്‍റെ അഭിപ്രായത്തിൽ ഒഴിവാക്കപ്പെടേണ്ടവ തന്നെയാണ്. ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തിന്‍റെ ബാധ്യത ഒരു പക്ഷേ മറ്റു കഥാപാത്രങ്ങളിലേക്ക് തന്നെ പരിഗണിക്കുന്നതിൽ നിന്ന് വിലങ്ങുതടിയാകുന്നു. അതുകൊണ്ട് ബാലൻ ചേട്ടാ എന്നുള്ള വിളി ഞാൻ ഒരുപാട് ആഗ്രഹിക്കുന്നില്ല.' -മണികണ്‌ഠന്‍ ആചാരി പറഞ്ഞു.
സിനിമയില്‍ നിലനില്‍ക്കുന്ന ജാതി രാഷ്‌ട്രീയ ചിന്തകളെ കുറിച്ചും മണികണ്‌ഠന്‍ ആചാരി പ്രതികരിച്ചു. 'സിനിമയിൽ ഇപ്പോഴും ജാതി രാഷ്ട്രീയ ചിന്തകൾ ഉണ്ട്. ഒരു കാലത്ത് ഭാരതത്തിൽ നിന്നും കേരളത്തിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കപ്പെട്ട പല രാഷ്ട്രീയ ജാതി ചിന്തകളും മറ്റൊരു രൂപത്തിലും ഭാവത്തിലും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. ഒരാളുടെ രൂപം, ഭാവം, എന്നതിനെ അടിസ്ഥാനപ്പെടുത്തി പലപ്പോഴും കഥാപാത്ര സൃഷ്‌ടി മനപൂർവ്വം നടത്തപ്പെടുന്നു.
തന്‍റെ രൂപത്തെ കണക്കിലെടുത്ത് പലപ്പോഴും ഒരു ലോക്കൽ സിവിലിയൻ ആയോ ഗുണ്ട ആയോ നായകന്‍റെ സുഹൃത്തായോ ഒക്കെ തഴയപ്പെടുന്നുണ്ട്. ഇതു തന്നെ ഒരു പൊലീസുകാരന്‍റെ കഥാപാത്രത്തിലേക്കോ അതുപോലെ നായക പരിവേഷമുള്ള കഥാപാത്രങ്ങളായോ ചിന്തിക്കാൻ പലപ്പോഴും ഇത്തരം ജാതി രാഷ്ട്രീയ സ്വാധീനങ്ങൾ തടസ്സം സൃഷ്‌ടിക്കാറുണ്ട്.' -മണികണ്‌ഠന്‍ ആചാരി പറഞ്ഞു.