കവരത്തി: ലക്ഷദ്വീപ് തീരം വിട്ട് മഹ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങിയതോടെ ദ്വീപിലെ സങ്കീർണ സാഹചര്യം ഒഴിവായി. രണ്ട് ദിവസത്തെ ശക്തമായ കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും ശേഷമാണ് ലക്ഷദ്വീപിലെ കാലാവസ്ഥ ശാന്തമായത്. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ച ജനങ്ങൾ വീടുകളിലേക്ക് മടങ്ങി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ദുരന്ത നിവാരണ സമിതി രണ്ട് ദിവസങ്ങളിലായി നൽകിയ റെഡ് അലർട്ട് മുന്നറിയിപ്പും പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഇരുപത്തി നാല് മണിക്കൂറിൽ ലക്ഷദ്വീപിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയും ചിലയിടങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കുന്നതായും അടുത്ത ചൊവ്വാഴ്ച വരെ ദ്വീപിൽ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കവരത്തി, ആന്ത്രോത്ത്, കൽപേനി, ബിത്ര, അമിനി, കടമത്ത്, ചെത്തലത്ത് തുടങ്ങിയ ദ്വീപുകളിലെ സ്ഥിതി ശാന്തമായിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ കനത്ത മഴയ്ക്കും ശമനമായി.
എല്ലാ ദ്വീപുകളിലും സബ്ബ് ഡിവിഷണൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങൾ കണക്കാക്കുന്നുണ്ട്. കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുകപ്പലുകൾ ഉൾപ്പടെ നാലാം തിയതി വരെ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ കപ്പൽ സർവ്വീസുകൾ ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹ ചുഴലിക്കാറ്റിനെ തുടർന്ന് തെങ്ങുകൾ, മരങ്ങൾ എന്നിവ വ്യാപകമായി കടപുഴകി വീഴുകയും റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഭാഗികമായി നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആവശ്യമായ മുൻകരുതലുകൾ ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ചിരുന്നു. ലക്ഷദ്വീപിലെ വടക്കൻ ദീപുകളിലാണ് ചുഴലിക്കാറ്റ് പ്രധാനമായും നാശം വിതച്ചത്.