എറണാകുളം: കേരളത്തിലെ മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മിമിക്രി ആർട്ടിസ്‌റ്റ് അസോസിയേഷൻ (MAA). അസോസിയേഷന്‍റെ കൂട്ടായ്‌മയിൽ ഒടിടിയിലൂടെ ലഭ്യമാകുന്ന പുതിയൊരു കലാരൂപത്തിന് തുടക്കം കുറിക്കുകയാണ്. സംഘടനയിലെ മുന്നൂറോളം മിമിക്രി കലാകാരന്മാരെ ഉൾപ്പെടുത്തി നാദിർഷയുടെ സംവിധാനത്തിൽ മെഗാ ഷോ ഒരുങ്ങുകയാണ് (MAA OTT Mega Show Will Started Soon).
മലയാളത്തിലേക്ക് പുതിയതായി കടന്നുവന്ന എച്ച്ആർ ഒടിടിയാണ് പരിപാടിയുടെ നിർമ്മാതാക്കൾ. എച്ച്ആർ ഒടിടിയിലൂടെ തന്നെയാകും പരിപാടി ജനങ്ങളിലേക്ക് എത്തുക. സിറ്റ് കോമുകൾ, ഗെയിം ഷോ, പാട്ട് നൃത്തം തുടങ്ങി പ്രേക്ഷകരെ രസിപ്പിക്കുന്ന എല്ലാ ചേരുവകളുമായാണ് പരിപാടി ഒരുങ്ങുക. അസോസിയേഷനിലെ അവശ കലാകാരന്മാരെ സഹായിക്കുക എന്നുള്ളതാണ് പ്രധാന ഉദ്ദേശം. കേരളത്തിന്‍റെ സ്വന്തം ഒടിടി ആയ എച്ച്ആർ ഒടിടി കൂടുതൽ ജനപ്രിയമാക്കുക എന്ന ഉദ്ദേശശുദ്ധിയും പിന്നിലുണ്ട്.
അതേസമയം 'ജോക്‌സ് പോട്ട് അൾട്ടിമേറ്റ് മാ ഷോ' എന്ന പരിപാടിയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചി ക്രൗൺ ക്ലാസിൽ നടന്നിരുന്നു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് നാദിർഷ, സെക്രട്ടറി ഷാജോൺ എന്നിവർ മാധ്യമങ്ങളോട് പരിപാടിയുടെ വിശകലനം നടത്തിയിരുന്നു. കലാഭവൻ പ്രജോദ്, കെഎസ് പ്രസാദ്, ടിനി ടോം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എച്ച്ആർ ഒടിടി സിഇഒ ശ്രീന പ്രതാപൻ മുഖ്യാതിഥിയായിരുന്നു.
അതേസമയം പ്രധാനമായും നാല് എപ്പിസോഡുകളാണ് ഒരു സീസണിൽ ഉണ്ടാവുക. നവംബർ 25ന് കൊച്ചിയിൽ പരിപാടിയുടെ ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലുകളിലും കണ്ടിട്ടില്ലാത്ത തരത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി തന്നെയാണ് പരിപാടി പ്രേക്ഷകർക്കായി ഒരുക്കുക.
അന്തരിച്ച വിഖ്യാത സംവിധായകൻ സിദ്ധിക്കിന്‍റെ നടക്കാതെ പോയ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇത്തരത്തിൽ വ്യത്യസ്‌തമായ ഒരു ഷോ. 2025 പുതു വർഷത്തിൽ പ്രോഗ്രാം സംപ്രേഷണം ചെയ്‌തു തുടങ്ങും. സാധാരണ ഒരു കലാപ്രകടന രീതികളിൽ നിന്ന് വ്യത്യസ്‌തമായി കാഴ്‌ചക്കാരനെ ത്രസിപ്പിക്കുന്ന രീതിയിൽ തന്നെയാകും പരിപാടി ഒരുങ്ങുക.
ഓരോ എപ്പിസോഡിനും വ്യത്യസ്‌ത സ്വഭാവമാണ് ഉണ്ടാകുക. പരിപാടികൾ തുടർച്ച സ്വഭാവം കാണിക്കുമെങ്കിലും കാഴ്‌ചക്കാരനെ അത് ബാധിക്കുകയില്ല. ഒന്നാമത്തെ അധ്യായം കാണാതെ മൂന്നാമത്തെ അധ്യായം കാണുന്നവർക്കും തുടർച്ച പ്രശ്‌നം ബാധിക്കുകയില്ല എന്ന് സാരം. അതേസമയം മിമിക്രി ആർട്ടിസ്‌റ്റ് അസോസിയേഷന്‍റെ മാനസം പരിപാടിയിലൂടെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയും കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ട്.
പരിപാടിയുടെ ആദ്യ അധ്യായത്തിൽ ആദ്യമായി നിർമ്മിച്ച വീടിന്‍റെ താക്കോൽദാന കർമ്മവും നടക്കുന്നതായിരിക്കും. ദിലീപ് അടക്കമുള്ള മലയാള സിനിമയിലെ അധികാരന്മാർ പരിപാടിയുടെ ഭാഗമാകും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. മലയാളം പ്ലാറ്റ്‌ഫോമുകളിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സംരംഭം അരങ്ങേറുക.
നെറ്റ്‌ഫ്ലിക്‌സ്, ആമസോൺ അടക്കമുള്ള കോർപ്പറേറ്റ് ഭീമന്മാർ മൊത്തത്തിൽ മലയാളികളുടെ വിനോദ വൈകാരികത വിലയിട്ടെടുക്കുന്നതിന് ഒരു തടയിടാൻ കൂടിയാണ് മലയാളത്തിന്‍റെ സ്വന്തം എച്ച്ആർ ഒടിടി മുന്നോട്ടുവരുന്നതെന്ന് സിഇഒ പ്രസ്‌താവിച്ചു.