കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. കസ്റ്റംസ്, എൻഫോഴ്‌മെന്‍റ് കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അന്വേഷണ ഏജൻസികളുടെ വാദങ്ങൾ അംഗീകരിച്ചാണ് കോടതിയുടെ നിർണായക തീരുമാനം. രണ്ട് അന്വേഷണ ഏജൻസികളും മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. എൻഫോഴ്‌മെന്‍റ് ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയത്.
അന്വേഷണം പുരോഗമിക്കുന്ന വേളയിൽ ആരോപണ വിധേയനായ ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന എൻഫോഴ്‌സ്‌മെന്‍റ് വാദവും, ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന കസ്റ്റംസ് വാദവും അംഗീകരിച്ചാണ് കോടതി നടപടി.
സ്വർണക്കടത്ത് ഗൂഢാലോചനയിൽ എം.ശിവശങ്കറിന് പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് വാദം. സ്വർണമടങ്ങിയ കാർഗോ വിട്ട് നൽകാൻ ശിവശങ്കർ ആവശ്യപ്പെട്ടുവെന്ന ഗുരുതരമായ ആരോപണങ്ങളും ഇ.ഡി ഉന്നയിച്ചിരുന്നു. അതേസമയം മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും തള്ളണമെന്നുമാണ് കസ്റ്റംസ് ഉന്നയിച്ചത്. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് രണ്ട് അന്വേഷണ ഏജൻസികളും കോടതിയിൽ വ്യക്തമാക്കി. രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് ഹൈകോടതി വിധി പറഞ്ഞത്. ഇതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കസ്റ്റംസും, ഇ.ഡിയും ആരംഭിച്ചതായാണ് സുചന.