കൊച്ചി: എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷയും ഇ.ഡി സമർപ്പിക്കും. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ബുധനാഴ്‌ച രാത്രി 10 മണിയോടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ബുധനാഴ്‌ച ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഇ.ഡി അറസ്റ്റ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അവിഹിതമായി സമ്പാദിച്ച പണം സൂക്ഷിക്കുന്നതിന് ചാർട്ടേഡ് അക്കൗണ്ടിനെ ചുമതലപ്പെടുത്തിയത് ശിവശങ്കറാണന്ന് നേരത്തെ തന്നെ അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ശിവശങ്കർ, സ്വപ്‌ന സുരേഷ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ എന്നിവർ നടത്തിയ വാട്ട്സാപ്പ് ചാറ്റുകളും പ്രധാന തെളിവായാണ് ഇ.ഡി സ്വീകരിച്ചത്.
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ശേഷം ഇ.ഡി ഉൾപ്പടെയുള്ള ഏജൻസികൾ നൂറ് മണിക്കൂറിലധികമാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. അതേസമയം സ്വർണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ശിവശങ്കറിനെതിരെ ലഭിച്ചിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും എം. ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്.