എറണാകുളം: കോതമംഗലം - നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തില്‍ നിന്ന് ചാരായും വാറ്റുന്നതിനുള്ള കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. അതേസമയം, കുട്ടമ്പുഴ റേഞ്ച് എക്സൈസ് സംഘം കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിലെ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായി സിഐടിയു യൂണിയൻ ആരോപിച്ചു.
കഴിഞ്ഞ ഏപ്രില്‍ 28നാണ് നേര്യമംഗലം ജില്ല കൃഷിത്തോട്ടത്തില്‍ പമ്പ് ഹൗസിനോട് ചേർന്ന് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പ്രതികളെ സംരക്ഷിക്കുന്നതിന് ചില ഉന്നതർ ശ്രമിക്കുന്നതായാണ് പ്രധാന ആരോപണം. പുറത്ത് നിന്നുള്ളവരാണ് ഇതിന് പിന്നിലെന്നും ഫാം തൊഴിലാളികൾക്ക് ഇതില്‍ യാതൊരു ബന്ധവുമില്ല എന്ന പ്രചരണവും തൊഴിലാളികൾക്കിടയിലുണ്ട്.
നൈറ്റ് വാച്ചിങ് ജോലിക്ക് നിയോഗിച്ചവർ കൃത്യമായി ഡ്യൂട്ടി ചെയ്യാതെ വാച്ചിങ്ങ് ഷെഡിലിരുന്ന് മദ്യപിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഫാമിലെ കോഴി, താറാവ്, മത്സ്യം എന്നിവ രാത്രിയില്‍ പുറത്തേക്ക് കടത്തിയ സംഭവത്തിലും, പന്നി, കേഴ തുടങ്ങിയ കാട്ടുമൃഗങ്ങളെ തൊഴിലാളികൾ വേട്ടയാടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടിച്ചപ്പോഴും കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നതായി യൂണിയൻ ആരോപിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും അല്ലെങ്കില്‍ നിയമനടപടി അടക്കം ജനകീയ പ്രക്ഷോഭത്തിന് കേരള ഗവൺമെന്‍റ് കൃഷിഫാം വർക്കേഴ്സ് യൂണിയനും സിഐടിയു യൂണിയനും രംഗത്തുവരുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.