കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് നിവാരണത്തിനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയില്‍ സമഗ്ര പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. നഗരത്തിലെ കനാലുകളും ഓടകളും ഉള്‍പ്പെടെയുള്ള ജലനിര്‍ഗമന മാര്‍ഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്ന ജോലിയാണ് നിലവിൽ പുരോഗമിക്കുന്നത്.
90 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണമെന്ന കലക്ടറുടെ നിർദേശത്തെ തുടർന്ന് ദ്രുതഗതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. വെള്ളക്കെട്ടിനിടയാക്കുന്ന തടസങ്ങളും കണ്ടെത്തി വരുന്നു. ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗങ്ങളാണ് നടപ്പിലാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോര്‍പ്പറേഷന്‍, റവന്യൂ, സര്‍വെ, പൊലീസ് തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍ സെല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാര്‍ട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ മറ്റ് വകുപ്പുകള്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ പദ്ധതിയില്‍ ഇടപെടാന്‍ സാധിക്കില്ല.