എറണാകുളം: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് പതിപ്പിന് തിങ്കളാഴ്‌ച (ഡിസംബര്‍ 12) തുടക്കമാകും. വൈകിട്ട് ആറ് മണിക്ക് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള പ്രശസ്‌ത കലാകാരന്മാരുടെ സൃഷ്‌ടികള്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും.
പതിനാല് വേദികളിലായാണ് ബിനാലെയുടെ പ്രദർശനങ്ങൾ സജ്ജീകരിച്ചത്. സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയായ ഷുഭിഗി റാവുവാണ് ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്റര്‍. ഫോര്‍ട്ട് കൊച്ചിയിലുള്ള ആസ്‌പിന്‍ വാളാണ് പ്രധാന വേദി. കബ്രാല്‍ യാര്‍ഡ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നിവയുള്‍പ്പെടെ 14 വേദികളാണുള്ളത്.
ബിനാലെയുടെ ഭാഗമായി സ്റ്റുഡന്‍റ്സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, വിവിധ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും നടക്കും. വിദേശികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ ബിനാലെ സന്ദര്‍ശിക്കാനെത്തുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ്, കെ.രാജന്‍, ബിനാലെ ഫൗണ്ടേഷന്‍ ഉപദേശകനും മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയായ എം.എ ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം തെയ്യം അരങ്ങേറും. ഏപ്രില്‍ 10ന് ബിനാലെ അവസാനിക്കും.