എറണാകുളം: രാജ്യമെങ്ങും കൊവിഡ് പടർന്നു പിടിക്കുമ്പോഴും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയായി കൊച്ചി നഗരസഭയിലെ കൊവിഡ് ആശുപത്രി. കൊച്ചി നഗരസഭയിൽ ആരംഭിക്കുന്ന 100 ഓക്‌സിജൻ കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. കൊച്ചി കപ്പൽ ശാലയുമായി സഹകരിച്ചാണ് ഈ താത്‌കാലിക ആശുപത്രി തയ്യാറാക്കുന്നത്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു നഗരസഭ ഓക്‌സിജൻ കിടക്കകളുള്ള ആശുപത്രി നിർമിക്കുന്നത്. മാത്രമല്ല കേരളത്തിൽ ആദ്യമായി കൊവിഡ് രോഗികളെ വീടുകളിലെത്തി ചികിത്സ നടത്താനുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് ഒരുക്കിയ നഗരസഭയും കൊച്ചിയായിരുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റിന്റെ ഉടമസ്ഥതയിലുള്ള വില്ലിങ്‌ടൺ ഐലന്‍റിലുള്ള സാമുദ്രിക ഹാളിലാണ് ഓക്‌സിജൻ കിടക്കകളുള്ള ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുക. ഹാളില്‍ ഓക്‌സിജന്‍ സൗകര്യം ഒരുക്കുന്നതിനുളള പ്ലാന്‍റ്, പാനല്‍ വര്‍ക്കുകള്‍ എന്നിവ അവസാനഘട്ടത്തിലാണ്. ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുളള സൗകര്യം തയ്യാറാകുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
കൊച്ചി നഗരസഭയും ജില്ലാ ഭരണകൂടവും ദേശീയ നഗര ആരോഗ്യദൗത്യവും ചേർന്നാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. നഗരസഭയുടെ കീഴിൽ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററും പ്രവർത്തിച്ചു വരുന്നുണ്ട്. കൊവിഡ് രോഗികൾക്കും ക്വാറന്‍റൈനിൽ കഴിയുന്നവർക്കും തെരുവിൽ കഴിയുന്നവർക്കും കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണവും നടക്കുന്നുണ്ട്. ഇതിനകം 116145 പേർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്‌തു കഴിഞ്ഞു.