കൊച്ചി: മാല മോഷണ കേസിൽ അസം സ്വദേശിനിയെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി. അയ്യപ്പൻ കാവിലെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ഐറാൻ നെസ്സയാണ് അറസ്റ്റിലായത്. വീട്ടുടമ ആഭരണം ബാത്റൂമിൽ വച്ചുമറന്ന വേളയിൽ മാല മോഷണം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പെരുമ്പാവൂരിൽ ജോലിചെയ്യുന്ന മകന് അപകടം സംഭവിച്ചെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. എന്നാൽ ഇവർ പറഞ്ഞത് വ്യാജമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിച്ചത്.
മാല വില്പന നടത്തുന്നതിന് നിരവധി ജ്വല്ലറികളെ സമീപിച്ചെങ്കിലും ആരും സ്വീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന്, അസമിലേക്ക് മടങ്ങാനിരിക്കയാണ് ഐറാൻ നെസ്സയെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച മാല അവരുടെ പേഴ്സിൽ നിന്നും കണ്ടെടുത്തു. പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.