കൊച്ചി : ഇന്ത്യന്‍ ഐ.ടി വ്യവസായ മേഖല നേരിടുന്ന ജീവനക്കാരുടെ ക്ഷാമം ഇനിയുള്ള വര്‍ഷങ്ങളില്‍ അതി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സര്‍വേ ഫലം. 2025-ഓടെ 20 മുതല്‍ 22 ലക്ഷം വരെ ഐടി-ബിപിഎം പ്രൊഫഷനലുകള്‍ ഇന്ത്യ വിട്ടുപോകുമെന്ന് ഇ-ഗെയിമിംഗ് ഫെഡറേഷനും (E-Gaming federation) കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (indian statistical institute) നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സാങ്കേതിക വിദ്യാരംഗത്തുള്ളവരെയും വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ ഫലങ്ങൾ കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇ ഗെയിമിങ്ങ് രംഗത്ത് ജോലിയെടുക്കാന്‍ കേരളത്തിലെ സാങ്കേതിക വിദഗ്‌ധരും പ്രൊഫഷണലുകളും ഏറെ താത്‌പര്യം പ്രകടിപ്പിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു (Kerala IT Professionals And Students Responds to E Gaming).
2021 മുതല്‍ രാജ്യത്തെ ഐടി മേഖല ജീവനക്കാരുടെ ക്ഷാമം നേരിടുകയാണ്. 2021ല്‍ ജീവനക്കാരുടെ ശോഷണം അഥവാ അട്രീഷന്‍ നിരക്ക് 25.2 % ആയിരുന്നു. 2021-22 അധ്യയനവര്‍ഷം രണ്ട് ലക്ഷത്തിലേറെ കുട്ടികളാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. തുടര്‍ച്ചയായ ഈ കുടിയേറ്റവും മസ്തിഷ്‌കചോര്‍ച്ചയും നിമിത്തം 2025-ഓടെ 20 മുതല്‍ 22 ലക്ഷം വരെ ഐടി-ബിപിഎം പ്രൊഫഷനലുകള്‍ ഇന്ത്യ വിട്ടുപോകുമെന്നാണ് കരുതുന്നത്. ഈ സന്ദര്‍ഭത്തിലാണ് മികച്ച കരിയര്‍ അവസരങ്ങളുമായി ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല ഉയര്‍ന്നു വരുന്നത്. വിദഗ്‌ധരുടെ ഒഴുക്കും മസ്തിഷ്‌ക ചോര്‍ച്ചയും പിടിച്ചു നിര്‍ത്താനുള്ള പോംവഴികളിലൊന്ന് ഇ ഗെയിമിങ്ങ് മേഖലയാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതികവിദ്യാതലങ്ങളില്‍ ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് പഠനം അടിവരയിടുന്നത്. ഇത് സാധ്യമാകണമെങ്കില്‍ നൂതന സാങ്കേതികവിദ്യകള്‍, നൈപുണ്യവികസനം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നയരൂപീകരണരംഗത്തുള്ളവരും വ്യവസായ പ്രമുഖരും വിദ്യാഭ്യാസമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
ആഗോള ഗെയിമിങ് മേഖലയുടെ കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഇ ഗെയിമിങ് ഫെഡറേഷനും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ സര്‍വേഫലം വ്യക്തമാക്കുന്നു. വിദേശങ്ങളിലേയ്ക്കുള്ള ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്കില്‍ കുറവുവരുത്താന്‍ ഇന്ത്യയിലെ തദ്ദേശീയ ഗെയിമിങ് വ്യവസായത്തിനു കഴിയുമെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. ശുഭമോയ് മുഖര്‍ജി ചൂണ്ടിക്കാണിച്ചു. ബൗദ്ധികമായ കാഴ്‌ചപ്പാടിലൂടെ നോക്കുമ്പോഴും സാങ്കേതികവിദ്യ രംഗത്തെ പ്രൊഫഷനലുകള്‍ക്ക് ഈ മേഖലയോട് ശക്തമായ താത്‌പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ എന്നതിലേയ്ക്കും ഈ മേഖലയ്ക്ക് ഗണ്യമായ സംഭാവനകള്‍ ചെയ്യാനാകുമെന്ന് ഇ-ഗെയിമിങ് ഫെഡറേഷന്‍ സെക്രട്ടറി മലായ് കുമാര്‍ ശുക്ല പറഞ്ഞു."നൂതനമായ സാങ്കേതികവിദ്യകളുടെ വരവും ബിസിനസ് താത്‌പര്യങ്ങളും ഈ മേഖലയില്‍ പെരുകുന്നു. കഴിഞ്ഞ ദശകത്തിനിടെ ഈ രംഗത്തുണ്ടായ വന്‍ നിക്ഷേപങ്ങളും എഐ/എംഎല്‍ പോലുള്ള സാങ്കേതിക വിദ്യകളുടെ വരവും ഈ രംഗത്ത് കരിയര്‍ വളര്‍ച്ച തേടാന്‍ സാങ്കേതികവിദഗ്ധരേയും വിദ്യാര്‍ഥികളേയും പ്രേരിപ്പിക്കുന്നു. ആഗോള ഗെയിമിങ് മേഖലയെ നയിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് രാജ്യമെമ്പാടും നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 84.4 ശതമാനം പേർ അഭിപ്രായപ്പെട്ടു." മലായ് കുമാര്‍ ശുക്ല പറഞ്ഞു.
കേരളത്തില്‍ നിന്ന് സര്‍വേയുടെ ഭാഗമമായ 100% പേരും ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിങ് മേഖലയില്‍ ജോലിയെടുക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചതായും ഇ-ഗെയിമിങ് ഫെഡറേഷൻ അറിയിച്ചു. സാങ്കേതികവിദ്യ രംഗത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയുടെ വളര്‍ച്ചാസാധ്യതകളിലുള്ള വര്‍ധിച്ചു വരുന്ന താത്‌പര്യത്തെ സംബന്ധിച്ചും മറ്റ് ഒട്ടേറെ പുതിയ വിവരങ്ങളാണ് സര്‍വേയിൽ വ്യക്തമാകുന്നത്. കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ 4,644 സാങ്കേതികവിദഗ്‌ധരും വിദ്യാര്‍ഥികളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതനുസരിച്ച് ഈ രംഗത്തെ വിദ്യാര്‍ഥികളും പ്രൊഫഷനലുകളും ശക്തമായ താത്‌പര്യമാണ് ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിങ് മേഖലയോട് കാണിക്കുന്നത്. രാജ്യമെമ്പാടും നിന്നായി സര്‍വേയില്‍ പങ്കെടുത്തവരില്‍ 72.5% പേരും ഈ രംഗത്തെ കരിയര്‍ വളര്‍ച്ചയോട് ശക്തമായ താത്‌പര്യം പ്രകടിപ്പിച്ചെങ്കില്‍ ഓണ്‍ലൈന്‍ ഗെയിമിങ് രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് ഇന്ത്യയിലിരുന്ന് ലോകത്തിനായി സൃഷ്ടിക്കാനുള്ള അവസരത്തിലൂടെ വിദേശ തൊഴിലുകള്‍ക്കായുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്ക് ചെറുക്കാന്‍ ഈ മേഖലയ്ക്കാകുമെന്ന് 60% പേര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഒരു സോഫ്റ്റ് വെയര്‍ വിപ്ലവത്തിനു തന്നെ വഴി തുറക്കാന്‍ ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിങ് മേഖലയ്ക്ക് കഴിയുമെന്നാണ് കേരളത്തില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത മുഴുവന്‍ പേരും കരുതുന്നത്. രാജ്യമെമ്പാടും നിന്നുള്ളവരിലെ 68% പേരാകട്ടെ ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിങ് രംഗത്തു പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ പൊതുവായ നൈപുണ്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കരുതുന്നു. എഐ, എംഎല്‍, വിആര്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളോട് ചേരുമ്പോള്‍ ഈ മേഖലയ്ക്ക് കുതിച്ചു വളരാനും ഇന്ത്യയ്ക്ക് ഈ രംഗത്തെ സാങ്കേതികമുന്നേറ്റത്തില്‍ വന്‍തോതില്‍ പങ്കെടുക്കാനുമാകും. സാങ്കേതികവിദ്യയും ഗെയിമിംഗും തമ്മിലുള്ള പ്രതീകാത്മകബന്ധം ഈ പഠനം ഉയര്‍ത്തിക്കാണിക്കുന്നതായി പഠനം പ്രകാശനം ചെയ്‌ത കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. ദിഗന്ത മുഖര്‍ജി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി . ഈ മേഖല വേഗത്തില്‍ മാറുമ്പോള്‍ ചെറുപ്പക്കാരുടെ വളര്‍ച്ചയ്ക്കും സമ്പദ് വ്യവസ്ഥയുടെ പൊതുമുന്നേറ്റത്തിനുമുള്ള അസാധാരണമായ അവസരമാണ് കൈവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപയോക്തൃതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ഇ-ഗെയിമിങ് മേഖല സൊസൈറ്റീസ് റെഗുലേഷന്‍ ആക്റ്റിനു കീഴില്‍ രൂപീകരിച്ച സ്വയം നിയന്ത്രണ സംഘടനയാണ് ഇ-ഗെയിമിങ് ഫെഡറേഷന്‍ (ഇജിഎഫ്). സുരക്ഷിതവും സുതാര്യവും ന്യായവും ഉത്തരവാദിത്തമുള്ളതുമായ ഗെയിമിങിനുള്ള നിലവാര ഘടനയും പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളും വികസിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇ-ഗെയിമിങിനെപ്പറ്റിയുള്ള കാഴ്‌ചപ്പാടില്‍ ഗുണപരമായ മാറ്റം വരുത്താനും കളിക്കുന്നവര്‍ അവരുടെ സാമ്പത്തിക സുരക്ഷ കണക്കിലെടുത്തും ഗെയിമുകള്‍ക്ക് അടിമപ്പെടാതെയും ഉത്തരവാദിത്തത്തോടെ കളിക്കുന്നതിനുള്ള ഒരു നയമാണ് ഇജിഎഫ് പിന്തുടരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.