എറണാകുളം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന വാദങ്ങളുമായി ഹൈക്കോടതിയിൽ ദിലീപ്. ഗൂഢാലോചന നടന്നത് പ്രതികൾ തമ്മിലല്ല. എഡിജിപിയും മറ്റ് ചിലരും ചേർന്ന് ദിലീപിനെ ജയിലിലടക്കാനാണ് ഗൂഢാലോചന നടത്തിയതെന്നും പ്രതിഭാഗം ആരോപിച്ചു. ആലുവ പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിൽ ദുരൂഹതയുണ്ടന്ന വാദവും ഉയർത്തി.
ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ദിലീപിന്‍റെ വാദം ഇന്ന് രണ്ട് മണിക്കൂർ നീണ്ടു. നാളെ വീണ്ടും കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. പ്രോസിക്യൂഷൻ വാദമാണ് നാളെ നടക്കുക. കേസ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.
'ബാലചന്ദ്ര കുമാറിന്‍റെ മൊഴി വിശ്വസിക്കരുത്'
ദിലീപിന് വേണ്ടി ഹാജരായ അഡ്വ. ബി.രാമൻ പിള്ള, വധ ഗൂഢാലോചന കേസിന്‍റെ എഫ്.ഐ.ആർ തന്നെ നിൽനിൽക്കില്ലെന്ന വാദമുന്നയിച്ചാണ് തുടങ്ങിയത്. ഇതേ തുടർന്ന് കോടതി എഫ്.ഐ.ആർ പരിശോധിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് ഈ കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ സിആര്‍പിസി 164 പ്രകാരമുള്ള മൊഴി വിശ്വാസത്തിലെടുക്കരുത്.
2017ലെ കേസിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കത്തിനെ തുടർന്ന് യാതൊരു പരിശോധനയും കൂടാതെ എഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്നും പ്രതിഭാഗം വാദമുന്നയിച്ചു.
എന്നാൽ ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഇടാൻ അന്വേഷണ സംഘത്തിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ബാലചന്ദ്രകുമാർ ഹാജരാക്കിയ തെളിവുകളുടെ വിശ്വാസ്യത പ്രതിഭാഗം ചോദ്യം ചെയ്‌തു.
'ശബ്‌ദരേഖയിൽ കൃത്രിമം നടത്തി'
ബാലചന്ദ്രകുമാർ ഒരു ടാബിലാണ് തന്‍റെ സംസാരം റെക്കോഡ് ചെയ്തതെന്നാണ് പറഞ്ഞത്. എന്നാൽ ആ ടാബ് ഇപ്പോൾ ഇല്ലെന്നാണ് പറയുന്നത്. ഡിജിറ്റൽ തെളിവ് പ്രാഥമികമായി ശേഖരിച്ച ഉപകരണം തന്നെ ഹാജരാക്കണം. ലാപ്ടോപിലേക്ക് മാറ്റിയ ശബ്‌ദരേഖയാണ് അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്. ഒരു പെൻഡ്രൈവ് മാത്രമാണ് അന്വേഷണ സംഘത്തിന് തെളിവായി കൈമാറിയിരിക്കുന്നത്.
ഇതിലെല്ലാം കൃത്രിമം നടന്നിരിക്കാം. കൈമാറിയ ശബ്‌ദരേഖ തന്നെ പൂർണമല്ല. പലയിടത്തും മുറിഞ്ഞുപോയ വാക്കുകളാണ് ശബ്‌ദരേഖയിൽ. ഒരൊറ്റ സംഭാഷണമല്ല ശബ്‌ദരേഖയിൽ ഉള്ളത്. പലപ്പോഴായി പലയിടങ്ങളിൽനിന്നുള്ള സംഭാഷണ ശകലങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ശബ്‌ദരേഖ ഹാജരാക്കിയിരിക്കുന്നത്. പല കാര്യങ്ങൾ പറഞ്ഞതിൽ നിന്നും അടർത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
തനിക്കെതിരായ കേസ് അന്വേഷിക്കുന്നത് ഞാന്‍ കൊല്ലുമെന്ന് പറഞ്ഞുവെന്ന് പറയുന്ന അന്വേഷണ ഉദ്യോഗസ്ഥനാണ്. അതിനാൽ തനിക്ക് എങ്ങനെ നീതികിട്ടുമെന്നും ദിലീപ് ചോദിച്ചു. വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാറിനെതിരെ കേസെടുക്കാത്തതെന്ത് എന്തുകൊണ്ടാണ്. കുറ്റകൃത്യം നടന്നതായി മനസിലാക്കിയിട്ടും എന്തുകൊണ്ട് പരാതി നൽകിയില്ല. അത്തരമൊരാളുടെ മൊഴി എങ്ങനെ വിശ്വസിക്കും. വീട്ടിലിരുന്ന് അളിയനോടും ബന്ധുക്കളോടും പറയുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്നും പ്രതിഭാഗം ചോദിച്ചു.
'ബാലചന്ദ്രകുമാറിന് വ്യക്തിവൈരാഗ്യം'
നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പോരാ എന്ന് കണ്ടാണ് പൊലീസ് പുതിയ കേസെടുത്തത്. നടിയെ ആക്രമിക്കാൻ തൃശൂരിൽ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാൻ പറ്റാത്തതിനാലും മറ്റുമാണ് ഈ നീക്കം.
ബാലചന്ദ്രകുമാറിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. ബാലചന്ദ്ര കുമാർ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതാണ് വൈരാഗ്യത്തിന് കാരണം. സിനിമയിൽ നിന്നും പിന്മാറിയതും തനിക്കെതിരെ ബാലചന്ദ്രകുമാർ തിരിയാൻ കാരണമായി. ഇത് തെളിയിക്കുന്ന ശബ്‌ദരേഖ കയ്യിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിലെ വിരോധമാണ് കേസിന് പിന്നിലുള്ളത്. ജാമ്യാപേക്ഷ സമർപ്പിച്ചതിന് ശേഷം ഡിവൈ.എസ്.പി പുതിയ റിപ്പോർട്ടിൽ 302 വകുപ്പ് ചേർത്തത് മനപ്പൂര്‍വമാണെന്നും പ്രതിഭാഗം വാദിച്ചു.
ഗൂഢാലോചന എന്നത് കുറ്റമാണ്. എന്നാൽ അടഞ്ഞ മുറികളില്‍ നടക്കുന്നതിനാല്‍ തെളിയിക്കുക പ്രയാസകരമാണെന്ന നിരീക്ഷണവും കോടതി നടത്തി. വെള്ളിയാഴ്‌ച 1.45ന് ഹൈക്കോടതി വീണ്ടും ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.
Also Read: നായ്‌ക്കളോട് വീണ്ടും കൊടും ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു