എറണാകുളം: ചികിത്സ കാരണങ്ങളുടെ പേരില്‍ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും ആരേയും വിലക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. ഹെല്‍മറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇരുചക്രവാഹനങ്ങളിലെ യാത്ര ഒഴിവാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. എറണാകുളം സ്വദേശി മോഹനന്‍ എന്ന വ്യക്തി നല്‍കിയ സ്വകാര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.
ചികിത്സ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഹര്‍ജി. ഇക്കാരണം കൊണ്ട് തന്നെ ഹെല്‍മറ്റ് പോലുള്ള ഭാരമുള്ള വസ്‌തുക്കള്‍ തലയില്‍ വയ്‌ക്കാന്‍ കഴിയില്ല എന്നായിരുന്നു ഹര്‍ജിക്കാരൻ കോടതിയെ സമീപിച്ചത്. സംസ്ഥാന വ്യാപകമായി എഐ കാമറകള്‍ പ്രവര്‍ത്തന സജ്ജമായതിന് പിന്നാലെ ആയിരുന്നു ഹര്‍ജി സമർപ്പിച്ചത്.
'ഇരുചക്രവാഹനങ്ങളില്‍ യാത്രക്കാരില്‍ ആരെയും ഹെല്‍മറ്റ് ഉപയോഗത്തില്‍ നിന്നും വിലക്കാന്‍ സാധിക്കില്ല. ഹര്‍ജിക്കാര്‍, ഹെല്‍മറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തില്‍ എന്തെങ്കിലും അസുഖമുള്ളവരാണെങ്കില്‍ അവര്‍ ഇരുചക്ര വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം. ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും ഹെല്‍മറ്റ് ഒഴിവാക്കാന്‍ സാധിക്കില്ല. പൗരന്‍റെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഹെല്‍മറ്റ് ഉപയോഗിക്കണം എന്ന് പറയുന്നത്. ഒരു പൗരന്‍റെ ജീവന് സംരക്ഷണം നല്‍കുക എന്നത് ഭരണകൂടത്തിന്‍റെ കടമയാണ്. അതുകൊണ്ട് തന്നെ, ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ക്ക് ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കില്ല.. ഹൈക്കോടതി വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതെ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാൻ പൗരന് മൗലികാവകാശമില്ല. പൊതു-സ്വകാര്യ ഗതാഗത സംവിധാനം സംസ്ഥാനത്ത് ലഭ്യമാണ്. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് അത് ഉപയോഗിക്കാം. നിയമലംഘനം നടത്തിക്കൊണ്ട് ഹര്‍ജിക്കാര്‍ക്ക് യാത്രചെയ്യാനും സാധിക്കില്ല' കോടതി വ്യക്തമാക്കി.
ഇതേ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതും പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ പൊലീസ് മേധാവിക്കുള്‍പ്പടെ ഇക്കാര്യത്തില്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍, 1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 129, 1989 ലെ കേരള മോട്ടോർ വെഹിക്കിൾസ് റൂൾസിലെ റൂൾ 347 എന്നിവ പരാമർശിച്ച കോടതി ഇരുചക്ര വാഹനം ഓടിക്കുന്നവരും പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്‍ നിരീക്ഷിച്ചു.
എഐ കാമറ, സര്‍ക്കാരിന് കോടതിയുടെ പ്രശംസ: അഴിമതി ആരോപണങ്ങളുടെ പേര് ചൂണ്ടിക്കാട്ടി റോഡ് ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ കാമറകൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. പദ്ധതിക്കെതിരായ അഴിമതി ആരോപണങ്ങള്‍ പ്രത്യേകം പരിഗണിക്കാനുള്ളതാണ്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ കൊണ്ടു വന്നതില്‍ സര്‍ക്കാരിനെയും കോടതി അഭിനന്ദിച്ചു.
സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതില്‍ പാകപ്പിഴകള്‍ ഉണ്ടായേക്കാം. അതെല്ലാം വഴിയേ തിരുത്തപ്പെടേണ്ടതാണ്. എഐ കാമറ സാങ്കേതിക വിദ്യ കൊണ്ടുവന്നതില്‍ പ്രതിപക്ഷം പോലും എതിര്‍പ്പ് പറഞ്ഞിട്ടില്ല. കാമറ വാങ്ങിയതിലെ സുതാര്യതയെ ആണ് അവര്‍ പോലും ചോദ്യം ചെയ്‌തത്. ഇത് പ്രത്യേകമായി പരിഗണിക്കേണ്ട ഒന്നാണെന്നും കോടതി വ്യക്തമാക്കി.
Also Read : AI camera| എഐ കാമറ: കണ്ടെത്തിയത് 11,04,542 നിയമലംഘനങ്ങൾ, 49,193 പേർക്ക് പിഴ നോട്ടിസ്