എറണാകുളം: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ചൂതാട്ട കമ്പനികളുടെ ആവശ്യമാണ് കോടതി നിരസിച്ചത്. എന്നാൽ, ഹർജിയിൽ കോടതി വിശദമായി അടുത്ത മാസം 29ന് വാദം കേൾക്കും. സർക്കാരിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി.
പണം വച്ചുള്ള റമ്മി കളിയെ ഗെയ്‌മിങ് ആക്ടിൽ ഭേദഗതി വരുത്തിയാണ് സർക്കാർ നിരോധിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി. നേരത്തെ അഭിഭാഷകനായ പോള്‍ വടക്കന്‍ നല്‍കിയ ഹര്‍ജിയിലാണ് ഓണ്‍ലൈന്‍ റമ്മികളിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടിയത്. ഇതേ തുടർന്ന് പണം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിക്കുമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
ഓൺലൈൻ റമ്മികളി സാമൂഹിക വിപത്തായി മാറുകയാണെന്നും യുവാക്കളെയാണ് ഇത് പ്രധാനമായും ആകർഷിക്കുന്നതെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം. ക്രിക്കറ്റ് താരങ്ങളിലൂടെയും സിനിമ താരങ്ങളിലൂടെയുമാണ് റമ്മി കളി പ്രചരിപ്പിക്കുന്നത്. ഓൺലൈൻ റമ്മി വഴി നിരവധി പേർക്ക് പണം നഷ്ടമായെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ഇതേ തുടർന്നാണ് വിഷയം ഗുരുതരമെന്ന് കോടതി നിലപാട് എടുത്തത്.
കൂടുതൽ വായനയ്‌ക്ക്: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ