എറണാകുളം : കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. ആറാഴ്ചക്കകം കേരള ലീഗൽ സർവീസസ് അതോറിറ്റിയിൽ പിഴ കെട്ടിവയ്ക്കാനും നിർദേശമുണ്ട്.
രാഷ്ട്രീയ ലക്ഷ്യത്തോടെയും പ്രശസ്തി മുന്നിൽ കണ്ടുമാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. ജുഡീഷ്യറിയുടെ സമയം പാഴാക്കിയതിനെ വിമർശിച്ച ഹൈക്കോടതി പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വരുന്നതിന് എന്തിന് ലജ്ജിക്കണമെന്നും ചോദിച്ചു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിന്‍റേതാണ് നടപടി.
ALSO READ: അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്നു ; ലുലു മാളിനും സർക്കാരിനും ഹൈക്കോടതിയുടെ നോട്ടിസ്
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. നരേന്ദ്രമോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. ജനവിധി കൊണ്ടാണ് അദ്ദേഹം അധികാരത്തിൽ വന്നത്. രാഷ്ട്രീയ നേതാക്കളെല്ലാം അഴിമതിക്കാരാണെന്നും അവരെ വിശ്വസിക്കാൻ പാടില്ലെന്നുമുള്ള മനോഭാവം നമ്മുടെ രാജ്യത്തെ ഒരു വിഭാഗം പൗരന്മാർക്ക് പൊതുവായുണ്ട്. ഈ സങ്കൽപ്പത്തിൽ നിന്നാണ് ഇത്തരം വാദങ്ങൾ ഉയരുന്നത്.
ഹർജിക്കാരനും അത്തരം മനോഭാവം ഉള്ളതിനാലായിരിക്കണം ഇത്തരമൊരു ഹർജി സമർപ്പിച്ചത്. നൂറ് കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളത്. ഇത്തരം ഹര്‍ജികള്‍ കൊണ്ട് സമയം പാഴാക്കുകയാണെന്നും കോടതി വിമർശിച്ചു.
പ്രധാനമന്ത്രിയുടെ ചിത്രമില്ലാതെ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ കഴിയുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വേണം എന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ പീറ്റർ മ്യാലിപ്പറമ്പിലാണ് ഹർജി സമർപ്പിച്ചത്.