രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഷുഹൈബ് വധക്കേസിൽ പ്രതികളായ നാല് പേരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമർശനം
ഷുഹൈബിന്‍റെ കൊലപാതകം പൈശാചികവും ഹീനവുമാണ് . രാഷ്ട്രീയ എതിരാളികള്‍ ഷുഹൈബിനെ നാടൻബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നു.അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകം നടത്തിയത് പ്രൊഫഷണൽ കൊലയാളി സംഘമാണ്. രാഷ്ട്രീയ പകപോക്കൽ ആണ് നടന്നതെന്ന കാര്യം വ്യക്തമാണെന്നുംഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികള്‍ നാല് പേർക്കും കൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. അതിനാൽ ഇവരെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടാനും വീണ്ടും കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുൻ സിപിഎം പ്രവർത്തകനായ ആകാശ് തില്ലങ്കേരിയടക്കമുള്ളവരാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്
2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അർദ്ധരാത്രിയാണ് കോണ്‍ഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ അക്രമിസംഘം വെട്ടിയത്. കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം.