എറണാകുളം: കേരളാ കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സ്കറിയാ തോമസ് അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നുള്ള ചികിത്സക്കിടെ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. കേരളാ കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗം പാർട്ടിയുടെ ചെയർമാനാണ്. 1977ലും 80ലും കോട്ടയത്ത് എം.പിയായിരുന്നു.
കേരളാ കോൺഗ്രസ് വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കെ.എം. മാണിക്കൊപ്പവും പി.ജെ ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോൺഗ്രസുകളിൽ പ്രവർത്തിച്ചു. 2015ൽ പിളർപ്പിന് ശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാർട്ടിയുണ്ടാക്കി. ട്രാവൻകൂർ ഷുഗേഴ്‌സ് ചെയർമാൻ, കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് എന്‍റർ പ്രൈസസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കോട്ടയം സി.എം.എസ്. കോളജ് പൂർവവിദ്യാർഥിയാണ് . ക്‌നാനായ സഭ ഭാരവാഹിയായും പ്രവർത്തിച്ചു. കോട്ടയം കളത്തിൽ കെ.ടി. സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ലളിതയാണ് ഭാര്യ, നിർമല,അനിത, സക്കറിയ, ലത എന്നിവർ മക്കളാണ്.