കൊച്ചി: സുരക്ഷ പിൻവലിച്ച സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് ബി.കമാല്‍പാഷ. സുരക്ഷ പിൻവലിച്ച് തന്റെ വായടക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് കമാൽപാഷ പറഞ്ഞു. സമൂഹത്തിലെ മൂല്യച്യുതിക്കെതിരെയും സർക്കാർ വീഴ്ചകൾക്കെതിരെയും വിമർശനം തുടരും. പൊലീസിന് എതിരെ താൻ നടത്തിയ വിമർശനമാകാം തന്‍റെ സുരക്ഷ പിൻവലിക്കാൻ കാരണമെന്ന് ജസ്റ്റിസ് ബി. കമാൽപാഷ ഇ ടി.വി. ഭാരതിനോട് പറഞ്ഞു.
സുരക്ഷ പിൻലിച്ചത് സർക്കാരിന്‍റെ പ്രതികാര നടപടിയെന്ന് ജസ്റ്റിസ് കമാല്‍പാഷ സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞത് താനല്ല ഗവൺമെന്റാണ്. ഐ.എസിന്‍റെ ഭീഷണിയുള്ളതിനാലാണ് സാധാരണയിൽ നിന്ന് വ്യത്യസ്തമായി സായുധരായ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്. നിലവിൽ ഭീഷണിയില്ലന്ന് സർക്കാരിന് ബോധോധയം വന്നതിനാലായിരിക്കാം സുരക്ഷാ ഉദ്യേഗസ്ഥരെ പിൻവലിച്ചതെന്നും കമാല്‍പാഷ പറഞ്ഞു.വാളായർ കുഞ്ഞുങ്ങൾക്ക് നീതി കിട്ടിയില്ലയെന്നത് തന്‍റെ ഉറക്കം കെടുത്തുന്ന വിഷയമാണ്. മാവോയിസ്റ്റ് വിഷയത്തിൽ കാര്യകാരണസഹിതമാണ് പ്രതികരിച്ചത്. സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും അന്വേഷണം നടത്തണമെന്നുമുള്ള സിനിമാ നിർമാതാക്കളുടെ ആവശ്യത്തിന്, തെളിവ് വേണമെന്ന് പറഞ്ഞ മന്ത്രിയുടെ നിലപാട് വിവരക്കേടാണെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം സത്യമെന്ന് തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. ഇതിന്‍റെ പേരിൽ പ്രതികാര ബുദ്ധിയോടെ പെരുമാറിയാൽ താൻ നിശബ്ദനാവുമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബ്ദമില്ലാത്തവരുടെ നാവായ് എന്നുമുണ്ടാകും. മരണം വരെ പ്രതികരിക്കും. സുരക്ഷയുണ്ടോ ഇല്ലയോയെന്നത് പരിഗണിക്കുന്നില്ല. ഭീഷണിയുണ്ടോയെന്ന് നേക്കേണ്ടത് സർക്കാരാണെന്നും കമാല്‍പാഷ പറഞ്ഞു.