കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ടെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്നുപേർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്. മർദ്ദനത്തിനിരയായ തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തില്‍ ഗതാഗത മന്ത്രി റിപ്പോർട്ട് തേടി. ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്നും കസ്റ്റഡിയില്‍ ഉള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അതിനിടെ കല്ലട ബസ്സിന്‍റെ വൈക്കത്തെ ഓഫീസ് എല്‍ഡിഎഫ് പ്രവർത്തകർ അടപ്പിച്ചു.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസ്സില്‍ നിന്ന് ഇറക്കിവിട്ടത്. കല്ലട ട്രാവല്‍സിന്‍റെ ബസ്സുകളിലെ ജീവനക്കാരില്‍ നിന്ന് മുൻപും ദുരനുഭവങ്ങള്‍ ഉണ്ടായതായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.