എറണാകുളം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജുവിന്‍റെ കാർ തകർക്കുകയും നടനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾ ഇന്ന് പൊലീസിൽ കീഴടങ്ങും. മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ പിവൈ ഷാജഹാൻ, മനു ജേക്കബ്, മണ്ഡലം ഭാരവാഹികളായ ജർജസ്, അനൂപ് ആന്‍റണി എന്നിവരാണ് മരട് സ്റ്റേഷനിലെത്തി കീഴടങ്ങുക.
മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ഇവർ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ കോടതിയിൽ നിന്നും തിരിച്ചടി നേരിടാനുള്ള സാധ്യത പരിഗണിച്ചാണ് കീഴടങ്ങാൻ തീരുമാനിച്ചത്. നേരത്തെ ഈ കേസിൽ ഐ.എൻ.ടി.യു.സി പ്രവർത്തകനായ ജോസഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷെരീഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
also read: ഇന്ധനവിലയില്‍ പ്രതിഷേധം: എം. വിൻസന്‍റ് എംഎല്‍എ സഭയിലെത്തിയത് സൈക്കിളില്‍
കോൺഗ്രസിന്‍റെ ഹൈവേ ഉപരോധവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഒന്ന് റോഡ് ഉപരോധവുമായി ബന്ധപെട്ടാണ്. രണ്ടാമത്തേത് ജോജുവിന്‍റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം നടൻ ജോജുവിനെതിരെ മഹിള കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്.
ബുധനാഴ്ച മഹിള കോൺഗ്രസ് മരട് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.