എറണാകുളം: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ ചികിത്സാപിഴവില്ലെന്ന് പൊലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. അന്വേഷണ സംഘം കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കൊവിഡ് രോഗിയുടെ മരണത്തിൽ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചിട്ടില്ല. മരണം സംഭവിച്ചത് ഓക്‌സിജൻ കിട്ടാതെയെന്നുള്ള ആരോപണം ശരിയല്ല. രോഗിയുടെ ആരോഗ്യനില ഒരോ ദിവസവും ചികിത്സാ ചുമതലയിലുണ്ടായിരുന്നവർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നാതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജീവനക്കാരുടെ വീഴ്‌ച കാരണം കൊവിഡ് രോഗികൾ മരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മൂന്ന് പരാതികളാണ് കളമശേരി പൊലീസിൽ ലഭിച്ചത്. ഈ പരാതികളിൻമേലാണ് പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. ചികിത്സാ പിഴവില്ലെന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്‍റെ ബന്ധുക്കളെ പൊലീസ് അറിയിച്ചിട്ടുണ്ട്. ഹാരിസിനെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. അതേസമയം പൊലീസിന്‍റെ വിശദീകരണത്തിനെതിരെ ഹാരിസിന്‍റെ കുടുംബാംഗങ്ങൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസർ ജലജാദേവിയുടെ ശബ്‌ദസന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് ചികിത്സാപിഴവ് ചർച്ചയായത്. ഇതേതുടർന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ നജ്‌മയും ചികിത്സാപിഴവ് സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് നിരവധി പേരാണ് മെഡിക്കൽ കോളജിനെതിരെ പരാതിയുമായി എത്തിയത്. ഇവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നായിരുന്നു പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്.