എറണാകുളം: കറുകപ്പിള്ളിയിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ട ഒന്നരമാസം പ്രായമായ ആൺകുഞ്ഞിന്‍റെ (Infant murder in Kochi Lodge) മൃതദേഹം പൊലീസും കൊച്ചി കോർപ്പറേഷനും ചേർന്ന് സംസ്‌കരിച്ചു. എറണാകുളം പുല്ലേപ്പടി പൊതുശ്‌മശാനത്തിലാണ് സംസ്‌കാരം നടത്തിയത്. ജനിച്ച് വീണത് മുതൽ ക്രൂരമായ പീഡനനങ്ങൾക്ക് ഇരയാകേണ്ടി വരികയും ഒന്നര മാസം കൊണ്ട് കൊല്ലപ്പെടുകയും ചെയ്‌ത പിഞ്ചുകുഞ്ഞിന്‍റെ ശരീരം കഴിഞ്ഞ രണ്ടാഴ്‌ചയായി കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ സ്വന്തക്കാരോ ബന്ധുക്കളോ എത്തിയിരുന്നില്ല. ഏറ്റെടുക്കാൻ ആളിലാത്ത ആ പിഞ്ചുകുഞ്ഞിന് ആദരവ് നൽകിയാണ് കൊച്ചി സിറ്റി പൊലീസ് അന്ത്യ യാത്രയയപ്പ് നൽകിയത്. കൊച്ചി എസിപി ജയകുമാർ, കൊച്ചി മേയറുടെ പ്രതിനിധിയും സ്ഥിരം സമിതി ചെയർമാനുമായ കെ പി റനീഷ് ഉൾപ്പെടെയുള്ള പ്രമുഖർ പുഷ്‌പാർച്ചന നടത്തി. ശവപ്പെട്ടിയിൽ ഒരു കളിപ്പാട്ടവും പൊലീസുകാർ സമർപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ മൂന്നിനാണ് കറുകപ്പിള്ളിയിലെ ലോഡ്‌ജിൽ വച്ച് ഒന്നരമാസം പ്രായമായ കുഞ്ഞിനെ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് ചേർത്തല സ്വദേശിനി അശ്വതിയെയും സുഹൃത്ത് കണ്ണൂർ മൗവഞ്ചേരി സ്വദേശി ഷാനിഫിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ജയിലിൽ കഴിയുന്ന അശ്വതിയുടെ ബന്ധുക്കളോ, ആദ്യ പങ്കാളിയായ കണ്ണൂർ സ്വദേശിയോ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറെല്ലന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസും കൊച്ചി കോർപ്പറേഷനും ചേർന്ന് സംസ്‌കാരച്ചടങ്ങ് നടത്തിയത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ അശ്വതിയും ഷാനിഫും ഒരുമിച്ച് കഴിയുകയായിരുന്നു. അശ്വതി നേരത്തെ വിവാഹിതയായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞ് തങ്ങളുടെ ഭാവി ജീവിതത്തിന് ബാധ്യത ആകുമെന്ന് ഷാനിഫ് അശ്വതിയെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
നിരന്തരം ചെറിയ മുറിവുകൾ ഏൽപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ഷാനിഫിന്‍റെ ലക്ഷ്യം. ചെറിയ മുറിവുകൾ വരുത്തിയാൽ ന്യുമോണിയ ബാധയുണ്ടാകുമെന്നും ചികിത്സയിലിരിക്കെ മരിച്ചാൽ കൊലപാതകമെന്ന് വ്യക്തമാകില്ലെന്നുമായിരുന്നു പ്രതിയുടെ കണക്കുകൂട്ടൽ. കുഞ്ഞിൻ്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാക്കിയിരുന്നു.
ജനിച്ചത് മുതൽ കുഞ്ഞിനോടുള്ള ക്രൂരതകൾ ആരംഭിച്ചിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അശ്വതിയും ഷാനിഫും കൊച്ചിയിൽ മുറിയെടുത്തത്. തുടർന്ന് ഡിസംബർ മൂന്നിന് പുലർച്ചെ
കാൽമുട്ട് കൊണ്ട് കുഞ്ഞിന്‍റെ തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
ഡിസംബർ മൂന്നിന് രാവിലെ ഏട്ടര മണിയോടെ കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ഇരുവരും കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ അമ്മ അശ്വതിയെയും സുഹൃത്ത് ഷാനിഫിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.