എറണാകുളം : സർക്കാരിനെ വീണ്ടും വെട്ടിലാക്കി ഐജി ഗുഗുലോത്ത് ലക്ഷ്‌മൺ. വിവാദ ഹർജി ഫയൽ ചെയ അഭിഭാഷകനെ തന്നെ മുൻകൂർ ജാമ്യഹർജിയിലെ വക്കാലത്ത് ഏൽപ്പിച്ചു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തെയുണ്ടായിരുന്ന അഭിഭാഷകനെ മാറ്റിയാണ് അഡ്വ. നോബിൾ മാത്യുവിനെ വക്കാലത്തേൽപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഗുരുതര പരാമർശമടങ്ങിയ ഹർജി ഇതേ അഭിഭാഷകൻ വഴിയായിരുന്നു ഐജി ജി ലക്ഷ്‌മൺ സമർപ്പിച്ചിരുന്നത്. മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രസ്‌തുത ഹർജി. ഹർജിയിലെ പരാമർശങ്ങൾ വിവാദമായതോടെ, ഹർജി പിൻവലിക്കാൻ അഭിഭാഷകന് നിർദേശം നൽകിയിട്ടുണ്ട്, താൻ ചികിൽസയിലായതിനാൽ ഹർജിയുടെ പകർപ്പ് കണ്ടിരുന്നില്ലെന്നും വ്യക്തമാക്കി ഇക്കഴിഞ്ഞ ജൂലൈ 31 ന് ലക്ഷ്‌മൺ ചീഫ് സെക്രട്ടറിയ്ക്കുൾപ്പെടെ കത്ത് നൽകിയിരുന്നു.
അഭിഭാഷകനുമേൽ കുറ്റം ചാർത്തി രക്ഷപ്പെടാനായിരുന്നു ലക്ഷമണിന്‍റെ ശ്രമം. എന്നാൽ ഇതിനു പിന്നാലെയാണ് ഇതേ അഭിഭാഷകനെ തന്നെ തന്‍റെ മറ്റൊരു കേസിന്‍റെ ഉത്തരവാദിത്തം ലക്ഷ്‌മൺ ഏൽപ്പിച്ചതും. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സാമ്പത്തിക ഒത്തുതീർപ്പുകൾ നടക്കുന്നുണ്ടെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ലക്ഷ്‌മണിന്‍റെ ആരോപണം.
കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നു. ഹൈക്കോടതി മദ്ധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും ഓഫിസിലെ ഗൂഢസംഘം പ്രശ്‌ന പരിഹാരം നടത്തി. ഈ സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തന്നെ മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ഉൾപ്പെടുത്തിയതെന്നും ഐ ജി ഗുഗുലോത്ത് ലക്ഷ്‌മൺ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ലക്ഷ്‌മൺ ഉയർത്തിയിരുന്നത്. മോന്‍സൺ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ലക്ഷ്‌മൺ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. ഈ നിഗൂഢ സംഘം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിലടക്കം ഒത്തുതീർപ്പും പരാതി പരിഹാരവും നടത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഗൂഢ സംഘം പ്രശ്‌ന പരിഹാരം നടത്തുകയാണ്. ഈ സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തന്നെ മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ഉൾപ്പെടുത്തിയതെന്നും ഐജി ജി ലക്ഷ്‌മൺ ആരോപിച്ചു. 2021 സെപ്റ്റംബർ 23നാണ് മോൻസൺ മാവുങ്കലിനെതിരെ പണം തട്ടിയെടുത്തെന്ന കേസ് രജിസ്‌റ്റര്‍ ചെയ്യുന്നത്.
Read more : മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നു; ഗുരുതര ആരോപണവുമായി ഐ ജി ജി ലക്ഷ്‌മണ്‍
കഴിഞ്ഞ ജൂൺ 12ന് ഐജി ജി ലക്ഷ്‌മൺ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് ഐജി ജി ലക്ഷ്‌മൺ. സർവീസിലിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ തന്നെ ഗുരുതര പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസും കടുത്ത സമ്മർദത്തിലായിരിക്കുകയാണ്.