എറണാകുളം: കൊച്ചിയില്‍ കേബിള്‍ കുടുങ്ങി ബൈക്ക് യാത്രികനായ മരട് സ്വദേശി അനില്‍ കുമാറിന് പരിക്കേറ്റ സംഭവത്തില്‍ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ കേസെടുത്തത്. സമാനമായ സംഭവങ്ങൾ കൊച്ചി നഗരത്തിൽ ആവർത്തിക്കുന്നതിൽ കമ്മിഷൻ ഉത്കണ്‌ഠ രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ചെമ്പുമുക്കിൽ അലൻ ആൽബർട്ട് എന്ന സ്‌കൂട്ടര്‍ യാത്രികന്‍ കേബിള്‍ കുടുങ്ങി മരിച്ച സംഭവത്തെ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ, പൊതുമരാമത്ത് വകുപ്പുകൾക്കും പൊലീസിനും മനുഷ്യാവകാശ കമ്മിഷന്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കേബിൾ സ്ഥാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും പൊലീസിന്‍റെയും അനുമതി വാങ്ങണമെന്ന് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശിച്ചിരുന്നു. എന്നാൽ നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് കമ്മിഷന്‍റെ നടപടി.
അതേസമയം കേബിൾ കുടുങ്ങിയുള്ള അപകടങ്ങൾ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സർക്കാരിന് നൽകിയ ഉത്തരവ് നടപ്പിലാക്കാത്തതില്‍ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2022 ഒക്ടോബർ 27ന് പാസാക്കിയ ഉത്തരവിൻ മേൽ സർക്കാർ സ്വീകരിച്ച നടപടികൾ വരുന്ന മാർച്ച് 13ന് മുമ്പ് കമ്മിഷന് മുന്നില്‍ ഹാജരാക്കണമെന്ന് തദ്ദേശ സ്വയം ഭരണ, പൊതുമരാമത്ത് ഗവൺമെന്‍റ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
ഇക്കഴിഞ്ഞ 22നാണ് വെണ്ണലയില്‍ വച്ചാണ് അനില്‍ കുമാര്‍ അപകടത്തിപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കവേ ഇലക്‌ട്രിക് പോസ്‌റ്റിലെ കേബിളില്‍ കുടുങ്ങി. തലയടിച്ച് റോഡിലേക്ക് വീണ അനില്‍കുമാറിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
also read: കേബിള്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്