എറണാകുളം : കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ യുവതി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. രാമമംഗലം കിഴുമുറി കോളനി നിവാസി പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25), കൊട്ടാരക്കര സ്വദേശി അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവർന്നത്. ഒരു ഡേറ്റിങ് ആപ്പിലൂടെ യുവാവ് അനു എന്ന് പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. താൻ കോലഞ്ചേരി സ്വദേശി ആണെന്നാണ് അനു പരിചയപ്പെടുത്തിയത്.
ബെംഗളൂരുവിൽ കോളജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ട്, വന്നാൽ നേരിൽ കാണാമെന്നും പറഞ്ഞ് മെസേജ് അയച്ചു. അത് വിശ്വസിച്ച് ചെറുപ്പക്കാരൻ കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തി. ഈ സമയം കാറിൽ എത്തിയ രണ്ട് പ്രതികൾ ചെറുപ്പക്കാരനോട് നിങ്ങൾ ഒരു പെൺകുട്ടിക്ക് മെസേജ് അയച്ചിരുന്നോ എന്ന് ചോദിക്കുകയും തങ്ങൾ ആ പെൺകുട്ടിയുടെ സഹോദരന്മാർ ആണെന്നും പറഞ്ഞ് യുവാവിനെ വണ്ടിയിൽ ബലമായി പിടിച്ചു കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു.
സഹോദരിക്ക് മെസേജ് അയച്ചതിന് പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് യുവാവിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. യുവാവിന്‍റെ പക്കൽ നിന്നും 23,000 രൂപ കവർന്നെടുത്ത ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. പേടിച്ച് വീട്ടിലേക്ക് പോയ ചെറുപ്പക്കാരൻ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും സുഹൃത്തുക്കൾ വഴി പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.
തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശത്താൽ പുത്തൻകുരിശ് ഡിവൈഎസ്‌പി ടി പി വിജയന്‍റെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. നഗരത്തിലെ സിസിടിവി കാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വന്ന വാഹനം തിരിച്ചറിഞ്ഞു. പ്രതികൾ കോട്ടയത്തേക്ക് പോയതായും മനസിലാക്കി.
ഇവരെ അന്വേഷിച്ച് പുത്തൻകുരിശ് പൊലീസ് കോട്ടയത്ത് എത്തിയെങ്കിലും പ്രതികൾ ഇടറോഡുകൾ വഴി വീണ്ടും കോലഞ്ചേരിയിലേക്ക് തിരികെയെത്തി. സംസ്ഥാനം വിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികളെ പിന്തുടർന്ന പൊലീസ് കോലഞ്ചേരി ടൗണിൽ വച്ച് ജീപ്പ് വട്ടം വച്ച് കീഴടക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികൾ വാഹനം വെട്ടിച്ച് രാമമംഗലം ഭാഗത്തേക്ക് കടന്നു. പിന്നീട്, പൊലീസ് രാമമംഗലം പാലത്തിന് സമീപത്ത് വച്ച് സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു.
ഇവർ മൂന്ന് പേരും വർഷങ്ങളായി ബെംഗളൂരുവിലും ഗോവയിലും താമസിച്ചു വരികയായിരുന്നു. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു സ്വകാര്യ കമ്പനി ജീവനക്കാരനെ ഭീഷണിപ്പെടുത്തി കയ്യിലെ സ്വർണ ചെയിനും എടിഎമ്മിൽ നിന്ന് 19,000 രൂപയും കൈക്കലാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിങ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയ ശേഷം ആൾക്കാരെ സൗഹൃദത്തിൽ ചാറ്റ് ചെയ്‌ത് നേരിൽ കാണാനായി വിളിച്ചുവരുത്തി അവരുടെ ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി.