എറണാകുളം : വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന്‍റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഈ മാസം 7ന് കോടതി വിധി പറയും. 105 ദിവസമായി ജയിലിലാണെന്നും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് കിരൺ കുമാറിൻ്റെ ആവശ്യം.
വിസ്‌മയ ടിക് ടോക്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. കിരൺ വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തതും, ഫോൺ വാങ്ങിവച്ചതും പരീക്ഷ കാലയളവിൽ പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു.
മോട്ടോർ വാഹന വകുപ്പിൽ നിന്നും പുറത്താക്കിയ പ്രതിക്ക് ഏതെങ്കിലും തരത്തിൽ അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയില്ല. ഈയൊരു സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം വാദിച്ചു.
Also Read: ആർടിപിസിആർ നിരക്ക് കുറയില്ല; സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി
എന്നാൽ പ്രതിക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു. കിരണിനെതിരെ മൊഴികളും രേഖാമൂലമുള്ള തെളിവുകളുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
പ്രതി കിരണ്‍ കുമാർ നിരന്തരം വിസ്‌മയയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത് ഡിജിറ്റല്‍ തെളിവുകളിലൂടെയായിരുന്നു. പ്രതിക്കെതിരെ വിസ്‌മയ നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പടെ നിർണായക തെളിവുകളാണ്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രതിക്കെതിരായ കേസ്.