എറണാകുളം : ലിവിങ് ടുഗദർ ബന്ധത്തിലും സ്ത്രീകൾക്ക് ഗാർഹിക പീഡന നിയമപ്രകാരം കേസ് ഫയൽ ചെയ്യാമെന്ന് ഹൈക്കോടതി. കൂടെ താമസിക്കുന്ന പുരുഷനിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പീഡനമുണ്ടായാൽ സ്ത്രീക്ക് ഗാർഹിക പീഡന നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്നാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. രണ്ട് വ്യക്തികൾ പരസ്‌പര സമ്മതത്തോടെ, നിശ്ചിത കാലഘട്ടത്തിൽ, ഭൗതിക സൗകര്യങ്ങൾ പങ്കുവച്ച്, വിവാഹം മൂലമോ അല്ലാതെയോ ബന്ധം പുലർത്തുന്നതിനെ ഗാർഹിക ബന്ധമായി, ഗാർഹിക പീഡന നിയമം നിർവചിക്കുന്നു.
അക്കാരണത്താൽ നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരിൽ സ്ത്രീക്ക് പുരുഷനിൽ നിന്നും പീഡനമേൽക്കേണ്ടി വന്നാൽ, ഗാർഹിക പീഡന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. വിവാഹത്തിന് സമാനമായ രീതിയിൽ ബന്ധം തുടരുന്ന സ്ത്രീക്ക് ഗാർഹിക പീഡന നിയമത്തിലെ പന്ത്രണ്ടാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കാം.
മുംബൈയിൽ താമസക്കാരനായ വിനീത് ഗണേഷ് നൽകിയ അപ്പീലിലാണ് കോടതി നിരീക്ഷണം. ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കുടുംബ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. പങ്കാളിക്കെതിരെ നൽകിയ പരാതി, അയാളുടെ ആവശ്യപ്രകാരം കോടതി മാറ്റുന്നത്, സ്ത്രീയെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. തുടർന്ന് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.
കോടതി വഴി വിവാഹമോചനം തേടാനാകില്ല : നിയമം അംഗീകരിച്ചിട്ടില്ലാത്ത ലിവിങ് ടുഗദറിൽ, പങ്കാളികൾക്ക് നിയമപരമായി വിവാഹമോചനം തേടാനാകില്ലെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിറക്കിയിരുന്നു. കരാർ പ്രകാരം ഒരുമിച്ച് ജീവിക്കുന്ന ദമ്പതികൾക്കും നിയമം അംഗീകരിച്ചിട്ടില്ലാത്തെ ലിവിങ് ടുഗദർ പങ്കാളികൾക്കും വിവാഹ മോചനം നിയമപരമായി തേടാനാകില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല. അംഗീകൃത വ്യക്തി നിയമമോ സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമോ നടക്കുന്ന വിവാഹങ്ങൾ മാത്രമേ നിയമപരമായി സാധുവാകുകയുള്ളൂ. അത്തരം വിവാഹങ്ങൾക്ക് മാത്രമേ നിയമപരമായി വേർപിരിയലിന് സാധുതയുള്ളൂ എന്നുമാണ് ജസ്റ്റിസുമാരായ സോഫി തോമസ്, മുഹമ്മദ് മുഷ്‌താഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്.
കരാർ പ്രകാരം വിവാഹിതരായാൽ അത്തരം വിവാഹത്തിന് നിയമപരമായ വേർപിരിയൽ സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2006 മുതൽ കരാർ അടിസ്ഥാനത്തിൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയ സമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു.
ദമ്പതികൾ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തിയ കുടുംബ കോടതി വിവാഹ മോചനം അനുവദിക്കാൻ വിസമ്മതിച്ചു. ഈ ഉത്തരവ് ചോദ്യം ചെയ്‌ത് ലിവിങ് ടുഗദർ പങ്കാളികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. നിയമപരമായി നടത്തിയ വിവാഹം നിയമപരമായി വേർപിരിക്കുന്നതിനെയാണ് ഡിവോഴ്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിയമപരമായ വിവാഹങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കേണ്ട കുടുംബ കോടതിയിൽ നൽകിയ ഹർജി നിലനിൽക്കില്ലെന്നും പ്രസ്‌തുത ഹർജി കുടുംബ കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് പുറമെയുള്ള മറ്റ് മാർഗങ്ങൾ സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു.