എറണാകുളം: നിലയ്‌ക്കൽ മുതൽ പമ്പ വരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. പമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി. സ്പെഷ്യൽ കമ്മിഷണർ വെള്ളിയാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി.
ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. അനധികൃത പാർക്കിങ്ങിൽ 53 വാഹനങ്ങൾക്കെതിരെ നടപടി എടുത്തതായി സർക്കാർ അറിയിച്ചിട്ടുണ്ട്. അഞ്ച് ബസുകൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് കെഎസ്ആർടിസിയും ആവശ്യപ്പെട്ടു.
പമ്പയിൽ 15 സീറ്റുകൾ വരെയുള്ള വാഹനങ്ങൾക്ക് തീർഥാടകരെ ഇറക്കാനായി കോടതി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഈ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും കോടതി പറഞ്ഞിരുന്നു. സർക്കാർ വാഹനങ്ങൾക്കും പാർക്കിങ് വിലക്ക് ബാധകമാണ്.